കോഴിക്കോട്: ഭൂമിയുടെ തരം മാറ്റത്തിനായുള്ള, കെട്ടിക്കിടക്കുന്ന അപേക്ഷകൾ മുൻഗണനാക്രമത്തിൽ തീർപ്പാക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ നിർദ്ദേശിച്ചു. ഇതിനായി ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഭൂമി തരം മാറ്റാനുള്ള നടപടികൾക്ക് പ്രത്യേക മാർഗ്ഗ രേഖ കൊണ്ടുവരും. ഒരു ലക്ഷത്തിലേറെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഭൂമി തരം മാറ്റാന്‍ ഒരു വർഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഒടുവില്‍ മത്സ്യത്തൊഴിലാളി സജീവൻ മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് കിട്ടുമെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സജീവൻ ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരമാണെന്ന് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. സജീവന്റെ അപേക്ഷയിൽ കാലതാമസം ഉണ്ടായിട്ടില്ല. സജീവനോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും കളക്ടര്‍ വിശദീകരിച്ചു.
സജീവന്റെ അപേക്ഷ വേണ്ട രീതിയിൽ പരിഗണിച്ചിരുന്നു. പണം അടക്കാൻ ആവശ്യപ്പെട്ടപ്പോൾ മറുപടി ഉണ്ടായില്ല. സജീവന്റെ ആദ്യ അപേക്ഷയിൽ ഒക്ടോബറിന് ശേഷം തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഡിസംബറിൽ സജീവൻ പുതിയ അപേക്ഷ നൽകി. ഈ അപേക്ഷ ഇതുവരെ പരിഗണിക്കാൻ സാധിച്ചിട്ടില്ല. പുതിയ അപേക്ഷ നൽകുമ്പോൾ പഴയ അപേക്ഷയുടെ കാര്യം സൂചിപ്പിക്കണം. ആയിരക്കണക്കിന് അപേക്ഷകളാണ് ദിവസവും ലഭിക്കുന്നത്. സർക്കാർ സംവിധാനത്തിൽ ഇത് തിരിച്ചറിയുക പ്രയാസമാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.