CRIMELatestpolice &crime

കൈക്കൂലി കേസിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവർസീയർ വിജിലൻസ് പിടിയിൽ

Nano News

കോഴിക്കോട്: അഴിമതിക്കെതിരേയുള്ള ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായുള്ള വിജിലൻസ് പരിശോധനക്കിടെ കൈക്കൂലി വാങ്ങിയ ഓവർസീയർ പിടിയിൽ. പൂർത്തീകരിച്ച റോഡ് വർക്കുകളുടെ ബില്ല് പാസാക്കുന്നതിനായി പി ഡബ്ല്യു ഡി കോൺട്രാക്ടറിൽ നിന്ന് 10, 000 രൂപ കൈക്കൂലി വാങ്ങിയ കോഴിക്കോട് ഒടുമ്പ്ര സ്വദേശിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫിസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായ നവീൻ രവി (47) യെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
പൊതുമാരാമത്ത് വിഭാഗത്തിന്റെ കരാർ പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരൻ ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡുടെ കരാർ പ്രവൃത്തി ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച രണ്ട് റോഡ് പ്രവൃത്തികളുടെ ബില്ലുകൾ നടപടികൾ പൂർത്തിയാക്കി ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് സോഫ്റ്റ്‌വെയർ വഴിയും നേരിട്ടും അയച്ചിരുന്നു. എന്നാൽ രണ്ട് ബില്ലുകളിലും ഒന്നരമാസമായിട്ടും നവീൻ രവി തുടർനടപടികൾ സ്വീകരിച്ചില്ല. ഇതോടെ പരാതിക്കാരൻ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ പരാതിക്കാരൻ വിജിലൻസ് ഡിവൈ എസ് പിയെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കുകയുമായിരുന്നു. നവീൻ രവി ഓഫിസിൽ നിന്ന് പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.


Reporter
the authorReporter

Leave a Reply

error: Content is protected !!