General

ടി.പി വധക്കേസ് പ്രതി ട്രൗസര്‍ മനോജിന്റെ ശിക്ഷാ ഇളവിന് കെ.കെ രമയുടെ മൊഴിയെടുത്തു

Nano News

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നടപടികളുടെ ഭാഗമായി കെ.കെ.രമ എം.എല്‍.എയുടെ മൊഴിയെടുത്ത എ.എസ്.ഐയെ സ്ഥലംമാറ്റി. കൊളവല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്. ടി.പി കേസിലെ പ്രതിയായ ട്രൗസര്‍ മനോജിന് ശിക്ഷായിളവ് നല്‍കാനുള്ള ഭാഗമായാണ് കെ.കെ രമയുടെ മൊഴിയെടുത്തത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ടി.പി.കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നുവെന്നത് അഭ്യൂഹമാണെന്ന് സ്പീക്കര്‍ ഉള്‍പ്പെടെ പറഞ്ഞ ശേഷവും ട്രൗസര്‍ മനോജിന് വേണ്ടി പൊലീസ് കെ.കെ.രമയുടെ മൊഴിയെടുത്തത് എന്തിനാണെന്നാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണന്‍ സിജിത്, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് സ്‌പെഷ്യല്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ വഴി വിട്ട നീക്കം നടത്തിയത്. 20 വര്‍ഷം വരെ ഈ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയായിരുന്നു സര്‍ക്കാരിന്റെ ഈ നീക്കം.

ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം രാഷ്ട്രീയ വിവാദമായതോടെ, ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് (ഒന്ന്) ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ഒ.വി.രഘുനാഥ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.


Reporter
the authorReporter

Leave a Reply

error: Content is protected !!