Saturday, January 25, 2025
LatestPolitics

കേരള പൊലീസ് പൊളിറ്റിക്കൽ മാഫിയയുടെ ഭാഗമായി-എ.പി അഹമ്മദ്


കോഴിക്കോട്: കേരളത്തിലെ പൊലീസ് പൊളിറ്റിക്കൽ മാഫിയയുടെ ഭാഗമായി മാറിയിരിക്കുകയാണെന്ന് യുവകലാസാഹിതി മുൻ സംസ്ഥാന സെക്രട്ടറിയും ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ.പി.അഹമ്മദ് പറഞ്ഞു.സംസ്ഥാന സർക്കാരിൻ്റെ മാധ്യമവേട്ടക്കെതിരെ ഫോറം ഫോർ മീഡിയ ഫ്രീഡം സംഘടിപ്പിച്ച സംവാദസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യജമാനൻ്റെ കൽപ്പനകൾ നടപ്പിലാക്കുന്ന പോലീസ് മാധ്യമ പ്രവർത്തകർക്കെതിരെ മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവും രാഷ്ട്ര വിരുദ്ധവുമായ നടപടികളാണെടുക്കുന്നത്. ദൈവങ്ങളേക്കാൾ വിലയുള്ള ചിലരുടെ പിടിയിൽ പോലീസ് അകപ്പെട്ടിരിക്കുന്നു.

ജനാധിപത്യ വ്യവസ്ഥയിൽ നിന്ന് കേരളം യജമാന ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയിലെ അവസാനത്തെ പ്രതീക്ഷയാണ് നാലാംതൂണായ മാധ്യമങ്ങൾ. മാധ്യമ പ്രവർത്തകർക്ക്ജോലി ചെയ്യാനുള്ള അവസരം നിഷേധിക്കുന്ന പൗരാവകാശ ലംഘനമാണ് കേരളത്തിൽ നടക്കുന്നത്. മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കേസിൽ കക്ഷി ചേരാൻ തൊഴിലാളി സംഘടനകളും സാംസ്കാരിക പ്രവർത്തകരും തയാറാകണം.നിയമ വിരുദ്ധമായി കേസെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികളെടുക്കാൻ തയ്യാറാകണം. അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകർക്കെതിരെ നടക്കുന്ന വേട്ടയാടൽ ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനായ എ.സജീവൻ പറഞ്ഞു.

വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ ഗൂഢാലോചന വാദം ഉയർത്തുന്നത് അംഗീകരിക്കാനാവില്ല. സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള നിയമ നടപടികൾ ഏതെങ്കിലും ഒരു മാധ്യമ പ്രവർത്തകനെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല. പറയാനും എഴുതാനും ഭയപ്പെടുന്ന കേരളത്തിലേക്കാണ് ഇത്തരം പ്രവണതകൾ നയിക്കുന്നത്. വിമർശനമില്ലാത്ത സ്തുതിഗീതങ്ങൾ മാത്രമുള്ള അടിയന്തരാവസ്ഥയേയാണ് ഇത് ഓർമ്മിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.

കേസരി ഡപ്യൂട്ടി എഡിറ്റർ സി.എം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.മാഗ് കോം ഡയരക്ടർ എ.കെ.അനുരാജ് സംസാരിച്ചു.എം.ബാലകൃഷ്ണൻ സ്വാഗതവും എ.എൻ അഭിലാഷ് നന്ദിയും പറഞ്ഞു. മാതൃഭൂമി മുൻ ഡപ്യൂട്ടി എഡിറ്റർ തറമ്മൽ ബാലകൃഷ്ണൻ, എം.റിജു, ഷാബു പ്രസാദ്, അനൂപ് കുന്നത്ത്, അർജുൻ .സി. വനജ് എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply