കോഴിക്കോട്: ജാപ്പനീസ് ജീവിതവൈവിധ്യത്തെ തൊട്ടറിയാനായി ഡിസംബർ 12ന് കോഴിക്കോട് ബീച്ചിൽ സാംസ്കാരിക സായാഹ്നമൊരുക്കുന്നു. വൈകിട്ട് മൂന്നിനു തുടങ്ങുന്ന പരിപാടി തുറമുഖ, പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.
ജാപ്പനീസ് ഭാഷാപഠന സാധ്യതകളെക്കുറിച്ചും ജപ്പാനിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും യുവാക്കളിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജാപ്പാനീസ് ലാംഗ്വേജ് അക്കാഡമിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി ജാപ്പനീസ് ഭാഷാപഠനത്തിന്റെ അമരക്കാരായി പ്രവർത്തിക്കുന്ന ജെഎൽഎ, ജപ്പാനുമായുള്ള മലയാളികളുടെ ബന്ധത്തിന്റെ നിർണായക കണ്ണിയാണ്.
ജാപ്പനീസ് എഴുത്തിൽ ഉപയോഗിക്കുന്ന ചൈനീസ് ഭാഷാ ചിഹ്നങ്ങളായ കാഞ്ചിയെ മനസിലാക്കാനുള്ള ക്വിക്ക് ട്യൂട്ടോറിയൽ, ചോപ്പ്സ്റ്റിക്ക് ഉപയോഗിക്കാനുള്ള ഇൻസ്റ്റന്റ് ട്രെയ്നിങ്ങും മത്സരവും, ജാപ്പനീസ് അനിമേഷൻ (അനിമെ) രചനാ മത്സരം, ജപ്പാനുമായി ബന്ധപ്പെട്ട മെമ്മറി ക്വിസ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായുണ്ടാകും.
“ജപ്പാനിലെ പാർട്ട് ടൈം തൊഴിലവസരങ്ങളും സ്കോളർഷിപ്പുകളും’ എന്ന വിഷയത്തിൽ എംഎസ്ജി കോളെജ് ലീഗ് ഇന്റർനാഷണൽ ഡിവിഷൻ ജനറൽ മാനെജർ തെസ്സഇ യമനക ജപ്പാനിലെ മിയാസാക്കിയിൽനിന്ന് സംസാരിക്കും. “ഉന്നതവിദ്യാഭ്യാസം ജപ്പാനിൽ’, “ഇന്ത്യക്കാരുടെ ജപ്പാനിലെ അവസരങ്ങൾ’ തുടങ്ങിയ വിഷയങ്ങളിൽ ഈ മേഖലയിൽ ജപ്പാനിൽനിന്നുള്ള ഉന്നത വ്യക്തികൾ സംസാരിക്കും.
ജപ്പാൻ ഹബ്ബായുടെ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പി.ഇ. മീനാക്ഷിയുടെ നേതൃത്വത്തിൽ ജാപ്പനീസ് കരോക്കെ അവതരിപ്പിക്കും. ജാപ്പനീസ് ഭാഷയിൽ സ്വയം പരിചയപ്പെടുത്തുന്നവർക്ക് സമ്മാനങ്ങളും കാണികൾക്ക് ഓരോ മണിക്കൂർ ഇടവിട്ടുള്ള ഭാഗ്യസമ്മാന നറുക്കെടുപ്പും (വൈകിട്ട് 4, 5, 6) ഉണ്ടായിരിക്കും.
ജെ.എൽ.എ ഡയറക്റ്റർ ഡോ. സുബിൻ വാഴയിൽ, അഭിരാം എ.പി, വിപിൻ വേണുഗോപാൽ, വിഷ്ണു കെ.എം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.