കോഴിക്കോട്: ബീച്ചിൽ ലയൺസ് പാർക്കിന് എതിർവശത്തുള്ള റോഡിൽ ഓവുചാലിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകി കാൽനടയാത്ര പോലും ദുസഹമാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നഗരസഭാ സെക്രട്ടറിക്ക് നോട്ടീസയച്ചു.
കോഴിക്കോട് നഗരസഭാ സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കറുത്ത നിറത്തിൽ ദുർഗന്ധമുള്ള വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഓവുചാലിന്റെ സ്ലാബുകൾ പൊട്ടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓവുചാലും റോഡും. പൊതുമരാമത്തിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളതെന്ന് പരാതിയിലുണ്ട്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*