കോഴിക്കോട്:സംസ്ഥാന സർക്കാരിന്റെ ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഓഫീസുകളും പരിസരവും ശുചീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ എ.ഗീത നിർവഹിച്ചു. ജില്ലയിലെ എല്ലാ ഓഫീസുകളിലും ജൂൺ അഞ്ചിനു മുൻപായി ശുചീകരണം നടത്തണമെന്നും ഓരോ ഓഫീസിലെയും മാലിന്യപരിപാലനം മോണിറ്റർ ചെയ്യുന്നതിനു ഓഫീസുകളിൽ നിന്നും ഒരു നോഡൽ ഓഫീസറെ നിയോഗിക്കണമെന്നും കലക്ടർ പറഞ്ഞു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മാലിന്യ മുക്തമാക്കിയ ശേഷം സർക്കാർ നിർദേശിച്ച രീതിയിൽ ഹരിതസഭകൾ നടത്തണമെന്നും കലക്ടർ നിർദേശിച്ചു.
വിവിധ വകുപ്പ് തലവൻമാർ, ജീവനക്കാർ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ, പി ആർ ടി സി, എൻ സി സി, കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എൻഎസ്എസ് വളണ്ടിയർമാർ, ശുചിത്വമിഷൻ -ഹരിത കേരളം മിഷൻ, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങി അഞ്ഞൂറിൽപ്പരം പേർ പരിപാടിയിൽ പങ്കെടുത്തു. സിവിൽ സ്റ്റേഷൻ ശുചീകരിച്ച മാലിന്യങ്ങൾ കോർപ്പറേഷൻ സഹായത്തോടെ ക്ലീൻ കേരള കമ്പനി, നിറവ് എന്നി ഏജൻസികൾ നീക്കം ചെയ്തു.
എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് പി. ടി.പ്രസാദ് അധ്യക്ഷനായിരുന്നു. എ.ഡി.എം സി മുഹമ്മദ് റഫീഖ് , ശുചിത്വ മിഷൻ കോഡിനേറ്റർ കെ. പി രാധാകൃഷ്ണൻ, കെ എസ് ഡബ്ല്യു എം.പി ജില്ലാ കോഡിനേറ്റർ വിഗ്നേഷ്, കില ഫെസിലിറ്റേറ്റർ പ്രമോദ് കുമാർ പി.ജി എന്നിവർ സംസാരിച്ചു. നവകേരളം ക്യാമ്പയിൻ ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ സ്വാഗതവും യൂത്ത് കോഡിനേറ്റർ നിപുണ് നന്ദിയും പറഞ്ഞു.