Thursday, December 5, 2024
Art & CultureLatest

വിദ്യാർത്ഥികൾക്ക് സത്യസന്ധമായി ചരിത്രം പഠിക്കാനുള്ള അവസരം ഒരുക്കണം -മന്ത്രി അഹമ്മദ് ദേവർകോവിൽ


കോഴിക്കോട്:ചരിത്ര വിദ്യാർത്ഥികൾക്ക് സത്യസന്ധമായി ചരിത്രം പഠിക്കാനുള്ള അവസരം ഒരുക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ഇവ കണക്കിലെടുത്താണ് പുരാവസ്തു മ്യൂസിയങ്ങൾ ജില്ലാ പൈതൃക മ്യൂസിയങ്ങൾ എന്നിവ സ്ഥാപിച്ചുവരുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടത്തിന്റെ സമഗ്ര സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ചരിത്രം, പൈതൃകം എന്നിവയുടെ തെളിവുകൾ കണ്ടെടുത്ത് സംരക്ഷിക്കുകയും പഠന വിധേയമാക്കുകയും ചെയ്യുന്നതിനോടൊപ്പം കഴിഞ്ഞ കാലത്തെക്കുറിച്ച് വരുംതലമുറയ്ക്ക് അവബോധം പകർന്നു നൽകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒട്ടനവധി സ്മാരകങ്ങളുടെ സംരക്ഷണ പ്രവൃത്തികൾ പുരാവസ്തു വകുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുരാവസ്തുപരവും ചരിത്രപരവും പ്രാധാന്യമുള്ള ഒട്ടനവധി നിർമിതികളും ശേഷിപ്പുകളും തെളിവുകളും കണ്ടെത്താനായിട്ടുണ്ട്. അതിൽ യോഗ്യമായവ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

കെട്ടിടത്തിന്റെ പ്രാധാന്യവും ചരിത്രവും കണക്കിലെടുത്താണ് പുരാവസ്തു വകുപ്പ് ഈ കെട്ടിടത്തെ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. കെട്ടിടത്തിന്റെ സമഗ്ര സംരക്ഷണത്തിനുള്ള പദ്ധതി വകുപ്പിലെ ഘടനാസംരക്ഷണ വിഭാഗമാണ് തയ്യാറാക്കിയത്. നികുതികൾ ഉൾപ്പെടെ 1,02,01,100 രൂപചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് തയ്യാറാക്കിയത്. സാങ്കേതിക അനുമതി നൽകിയ പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി.

ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്‌, കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളായ പി ദിവാകരൻ, ഒ.പി ഷിജിന, പി.സി രാജൻ, കൃഷ്ണകുമാരി, പി.കെ നാസർ, സി രേഖ, കൗൺസിലർമാർ, അഡീഷണൽ സെക്രട്ടറി സോമസുന്ദരൻ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply