Sunday, January 19, 2025
Local News

കൈവരിയില്ലാത്ത പാലത്തിൽ നിന്ന് കനാലിലേക്ക് വീണ് മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ:പള്ളിപ്പുറം മുക്ക് കരിയിൽ കനാലിന് കുറുകെയുള്ള കൈവരിയില്ലാത്ത പാലത്തിൽ നിന്ന് സ്കൂട്ടർ ഓടിച്ചയാൾ കനാലിൽ വീണ് മരിക്കാനിടയായ സംഭവത്തിൽ ഭാര്യയ്ക്കും കുടുംബത്തിനും സർക്കാർ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

2022 മാർച്ച് 8 ന് നടന്ന അപകടത്തിൽ മരിച്ച കണ്ണൂർ കോളച്ചേരി പെരുമാച്ചേരി സ്വദേശി ഭാസ്കരന്റെ ഭാര്യ കെ.കെ. ഷൈലജക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകാനാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. 4 മാസത്തിനകം നടപടി സ്വീകരിച്ച് ചീഫ് സെക്രട്ടറി കമ്മീഷനിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണം.

24 കോടി മുടക്കി കണ്ണൂർ പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം നവീകരിച്ച ചിറക്കുനി – ആണ്ടല്ലൂർ – പിറവം – ചെക്കിക്കുളം – പറശ്ശിനികടവ് റോഡിലുള്ള പള്ളിപ്പുറം ചെറിയ കനാലിന് കുറുകെയുള്ള പാലത്തിന് കൈവരി നിർമ്മിക്കാത്ത പൊതുമരാമത്ത്, ഇറിഗേഷൻ ഉദ്യോഗസ്ഥർക്കെതിരെ ബന്ധപ്പെട്ട ചീഫ് എഞ്ചിനീയർമാർ അന്വേഷണം നടത്തി വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. സ്വീകരിച്ച നടപടികൾ 4 മാസത്തിനകം ചീഫ് എഞ്ചിനീയർമാർ കമ്മീഷനിൽ സമർപ്പിക്കണം.കൈവരിയില്ലാത്ത പാലത്തിൽ നിന്നും കനാലിലേക്ക് വീണ് മരണം സംഭവിച്ചിട്ടും സ്കൂട്ടർ ഓടിച്ചിരുന്നയാളുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് എഴുതിയ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി മയ്യിൽ സ്റ്റേഷനിലുള്ള 201/22 നമ്പർ ക്രൈം കേസ് ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

കാവുംചാലിൽ കട നടത്തിയിരുന്നയാളാണ് മരിച്ച ഭാസ്കരൻ. ഭാര്യ ഷൈലജ തൊഴിലുറപ്പ് ജോലിക്ക് പോകാറുണ്ട്.

കമ്മീഷൻ പൊതുമരാമത്ത്, ഇറിഗേഷൻ ഉദ്യോഗസ്ഥരെ നേരിൽ കേൾക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. പാലത്തിന് കൈവരി നിർമ്മിക്കാത്തതിൽ പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകൾ പരസ്പരം പഴിചാരി. പാലത്തിന് കൈവരി ഉണ്ടായിരുന്നെങ്കിൽ ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി. തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം കേസ് നേരിട്ട് അന്വേഷിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഭാഗത്ത് ഗുരുതര പിഴവുകൾ സംഭവിച്ചതായി കമ്മീഷൻ കണ്ടെത്തി. ഭാസ്കരന്റെ ഭാര്യ കെ.കെ. ഷൈലജ സമർപ്പിച്ച പരാതിയിലാണ് നടപടി.


Reporter
the authorReporter

Leave a Reply