Friday, December 6, 2024
GeneralHealthLatest

കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമൈക്രോണ്‍; ആകെ കേസുകള്‍ 15 ആയി


സംസ്ഥാനത്ത് വീണ്ടും നാല് പേര്‍ക്ക് കൂടി കോവിഡ് വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്താണ് പുതിയ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 17 വയസുകാരന്റെ ബന്ധുക്കളാണ്. മറ്റ് രണ്ട് പേര്‍ യുകെയില്‍ നിന്നും നൈജീരിയയില്‍ നിന്നും എത്തിയവരാണ്. ഇതോടെ കേരളത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.

നേരത്തെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച് 17 വയസുകാരന്‍ ഡിസംബര്‍ 9ന് അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതാണ്. ഇയാളുടെ അമ്മ (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12-നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനില്‍ ആയിരുന്നു. ഡിസംബര്‍ 16ന് നടത്തിയ പരിശോധനയിലാണ് ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു.


Reporter
the authorReporter

Leave a Reply