Accident newsLatest

യാത്രപറഞ്ഞ, സഞ്ചാരികൾക്ക്…..🖋️ അനിൽമാരാത്ത്

Nano News

.….🖋️അനിൽമാരാത്ത്

മഴയ്ക്ക്
സംഗീതത്തിന്റെ
താളമെന്നാണ്
കവിഭാവന.
എന്നാൽ
ജൂൺമാസത്തിലെ മഴയ്ക്ക് രൗദ്ര ഭാവമെന്ന് അനുഭവം.
2001 ജൂൺ 22-ന്,കടലുണ്ടിയിൽ കോരിച്ചൊരിയുന്ന മഴയുള്ള, സായാഹ്നത്തിൽ, ജീവിതസ്വപ്നങ്ങളുമായി യാത്ര ചെയ്ത സഞ്ചാരികൾ
ഒരു നിമിഷം ദുരന്തത്തിന്റെ ഇരുളിലേക്ക് വഴുതിവീണപ്പോൾ,
മൂകസാക്ഷിയായ അറബിക്കടലിന്റെ തിരമാലകൾ പോലും
ഒരു വേള
നിശ്ചലമായി.
കൂട്ടംകൂടി,വന്ന ദേശാടനപക്ഷികൾ പറന്നകന്നു.

മംഗളൂരു–ചെന്നൈ മെയിൽ കടലുണ്ടി പുഴയ്ക്ക് മുകളിലെ പാലംപിന്നിടുമ്പോഴുണ്ടായ, അപകടത്തിൽ
അൻപത്തിരണ്ട്
ജീവനുകളെയാണ് തട്ടിയെടുത്തത്. പരിക്കേറ്റവരുടെയും പുഴയിലേക്ക് മറിഞ്ഞ ബോഗികളിൽ നിന്നുയർന്ന നിലവിളികളുടെയും ശബ്ദം മഴയെ
പോലും തോൽപ്പിച്ചു. അന്ന്,പുഴയിലൊഴുകിയത്, വെറും മഴവെള്ളമല്ല; അനേകം കുടുംബങ്ങളുടെ കണ്ണീരും
കിനാവുമായിരുന്നു.

കടലുണ്ടിയില
ആ ഇരുണ്ട ദിനത്തിന്
കാൽനൂറ്റാണ്ട് പിന്നിടുന്നു. വർഷങ്ങൾ കടന്നുപോയെങ്കിലും
പ്രകൃതിപോലും ഘനീഭവിച്ച
സായാഹ്നത്തിന്റെ
ഓർമ്മയിൽ ഇന്നുമുണ്ട് നനവിന്റെ ഗന്ധം.

ജീവൻ നഷ്ടപ്പെട്ടവർ
പ്രിയപ്പെട്ടവരുടെ പ്രതീക്ഷകളായിരുന്നു. അച്ഛന്മാർ, അമ്മമാർ, മക്കൾ, സഹോദരങ്ങൾ. അവർ വെറുമൊരു യാത്രക്കാരായിരുന്നില്ല,നിരവധിയാളുകളുടെഅഭയകേന്ദ്രമായിരുന്നു.

ദുരന്ത, നിമിഷങ്ങളിൽ കടലുണ്ടിയിലെ സാധാരണ മനുഷ്യർ അസാധാരണ,വൈഭവമുള്ളവരായി മാറി. സ്വന്തം ജീവൻ പോലും പണയംവെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികൾ,നാട്ടുകാർ, സന്നദ്ധപ്രവർത്തകർഖലാസികൾ,
വഴിപോക്കർ
എന്നിവർ മനുഷ്യസ്നേഹത്തിന്റെയും നൻമയുടെയും
ഉദാത്തമായ പാഠമാണ് ലോകത്തിന്
സമർപ്പിച്ചത്.

ദുരന്തത്തിന്റെ നടുവിൽ മനുഷ്യൻ മനുഷ്യനുവേണ്ടി നിലകൊള്ളുമ്പോൾ പ്രതീക്ഷയ്ക്ക് ഒരിക്കലും മരണമില്ലെന്ന് തെളിയിച്ചു.

വർഷങ്ങൾക്കിപ്പുറം, കടലുണ്ടി പുഴയിൽ വീശുന്ന കാറ്റിൽ പോലും പാതിവഴിയിൽ
ഇറങ്ങിപ്പോയ
യാത്രക്കാരുടെ
സ്പന്ദനമുണ്ട്.

പുനർനിർമ്മിച്ച
പാലത്തിലൂടെ
ട്രെയിനുകൾ കടന്നുപോകുന്നു. ജീവിതം അതിന്റെ ദൈനംദിനകടമകൾ
നിർവ്വഹിക്കുന്നു. എന്നാൽ നഷ്ടപ്പെട്ട
മനുഷ്യരുടെ
സ്മരണകൾക്ക് കാലത്തിന്റെ ഒഴുക്കിൽ ഇന്നും മങ്ങലേറ്റിട്ടില്ല.

ദുരന്തഭൂമിയിൽ മനുഷ്യസ്നേഹത്തിന്റെ നൻമയുടെ
ചേർത്തുപിടിക്കലിന്റെ,ചരിത്രമെഴുതിയ
സുമനസുകളെ
അഭിമാനപൂർവം
അഭിവാദ്യം ചെയ്യുന്നു.

യാത്ര പൂർത്തിയാക്കാനാകാതെ പോയവർക്ക്
കാലം മായ്ക്കാത്ത ഓർമ്മകളോടെ…
കണ്ണുനീർപ്രണാമം

……🖋️അനിൽമാരാത്ത്


Reporter
the authorReporter

Leave a Reply