Saturday, November 23, 2024
Cinema

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ഇഡി അന്വേഷണം


മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം. നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെയും ചോദ്യം ചെയ്യും.

സിനിമയ്ക്ക് വേണ്ടി ഏഴ് കോടിരൂപ മുടക്കിയയാള്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് അന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമ നിര്‍മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിര്‍മാതാക്കള്‍ നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്.

ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിര്‍മാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിര്‍മാണ ചെലവ്. സിനിമക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ല. ചതിക്കാന്‍ മുന്‍കൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനര്‍ത്ഥം എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പൊലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടല്‍. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കും.


Reporter
the authorReporter

Leave a Reply