BusinessGeneralLatestTourism

കോ- കേരളം; സഹകരണ മേഖലയിൽ ആദ്യ വിമാനക്കമ്പനി ഒരുങ്ങുന്നു

Nano News

കോഴിക്കോട്: ആഭ്യന്തരയാത്രകൾ ചെലവു കുറഞ്ഞും വേഗത്തിലും നടത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ സഹകരണ മേഖലയിൽ ആദ്യമായി വിമാനാ സർവീസ് പദ്ധതി ആരംഭിക്കുന്നു. പദ്ധതി നടത്തിപ്പിനായി സഹകരണ മേഖലയിൽ കമ്പനി രൂപീകരിക്കുമെന്ന് എംവിആർ കാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിമാനങ്ങൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തുന്ന പദ്ധതിയാണിത്. ആദ്യഘട്ടമായി രണ്ട് വിമാനങ്ങളാണ് വാടകയ്ക്ക് എടുക്കുക. നെടുമ്പാശേരി ആസ്ഥാനമായി നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ, മംഗലാപുരം, ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാണ് വിമാന സർവീസ് നടത്തുക. പദ്ധതി നടത്തിപ്പിനായി സഹകരണ മേഖലയിൽ കമ്പനി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർമാനും സഹകരണ വകുപ്പു മന്ത്രി വൈസ് ചെയർമാനുമായി രൂപീകരിക്കുന്ന കമ്പനിയിൽ 200 സഹകരണ സംഘങ്ങൾ രണ്ടു കോടിരൂപ വീതം ഷെയർ എടുത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുക. സർക്കാരിന് ഇതിൽ ഒരു രൂപയുടെ പോലും ചെലവ് വരുന്നില്ലെന്നതാണ് പ്രത്യേകത. ഇത്തരത്തിൽ ഒരു പദ്ധതിയെക്കുറിച്ചുള്ള രൂപരേഖ സർക്കാരിനു മുന്നിൽ അവതരിപ്പിച്ചതായും മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും സഹകരണവകുപ്പ് റജിസ്ട്രാറും വളരെ താൽപര്യത്തോടെയാണ് ഇതിനെ സമീപിച്ചതെന്നും വിജയകൃഷ്ണൻ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ രണ്ടു വിമാനങ്ങൾ ലീസിനെടുത്ത് നടത്തുന്ന സർവീസ് പിന്നീട് നാലും ആറുമാക്കി ഉയർത്തും. വിമാന സർവീസിനൊപ്പം ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സംവിധാനങ്ങളും ഉണ്ടാകും. കോ-കേരള സർവീസിൽ അതിവേഗ തീവണ്ടികളിൽ ഇപ്പോൾ നൽകുന്ന അത്ര നിരക്കിൽ സഞ്ചരിക്കാനാകും. സർവീസ് ആരംഭിക്കുന്നതിന് ഒരുമണിക്കൂർ മുൻപുവരെ ഒഴിവുള്ള സീറ്റുകളിലേക്ക് കുറഞ്ഞ ചാർജിൽ യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലായിരിക്കും ടിക്കറ്റ് ക്രമീകരണം. ഒരു വർഷം വിമാനത്തിൽ ഒരാൾ പോലും കയറിയില്ലെങ്കിൽ പോലും വെറും 32 കോടി രൂപ മാത്രമാണ് നഷ്ടമാവുക. എങ്ങിനെയായാലും ആദ്യ രണ്ടുവർഷത്തിനു ശേഷം കമ്പനി ലാഭത്തിലേക്ക് പോകും. സർക്കാരിന്റെ ഭാഗത്തുനിന്നും തത്വത്തിൽ അനുമതി ലഭിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട മറ്റു നടപടികളിലേക്ക് കടക്കും. കമ്പനിയിൽ പണംമുടക്കാൻ 200 സഹകരണ സംഘങ്ങൾ തയ്യാറാണെന്നും എത്രയും വേഗം കോ-കേരളം വിമാനസർവീസ് തുടങ്ങാൻ കഴിയുമെന്നും വിജയകൃഷ്ണൻ പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!