കൊച്ചി : ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി മിത്ര കുര്യൻ ചെറിയ ഇടവേളയ്ക്കു ശേഷം മിനിസ്‌ക്രീനിലൂടെ തിരികെയെത്തുന്നു. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഫൈസൽ അടിമാലി സംവിധാനം ചെയ്യുന്ന “അമ്മ മകൾ” എന്ന പരമ്പരയിലെ ശക്തമായ ‘അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. സമൂഹമാധ്യമങ്ങളിലൂടെ തന്റെ അഭിനയമികവിനു ഏറെ പ്രേക്ഷകശ്രദ്ധ നേടിയ മരിയയാണ് മകൾ വേഷത്തിൽ എത്തുന്നത്. പഴയകാല സീരിയലുകളിലെ പതിവുമുഖം രാജീവ് റോഷനും ഒരു പ്രധാനകഥാപാത്രമായി ‘അമ്മ മകളിൽ എത്തുന്നു.
2015 ൽ സീ ടെലിവിഷനിലെ പ്രിയസഖി എന്ന തമിഴ് സീരിയലിലൂടെ മിനിസ്ക്രീൻ രംഗത്ത് അരങ്ങേറ്റം നടത്തിയ താരത്തിന്റെ രണ്ടാം വരവാണ് “അമ്മമകളിലെ” സംഗീത എന്ന കഥാപാത്രം.അമ്മയും മകളും തമ്മിലുള്ള അപരിമിത സ്നേഹത്തിന്റെയും അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളുമാണ് സീരിയലിന്റെ പ്രധാന കഥാതന്തു. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്കാവും “അമ്മമകൾ” സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുക.