LatestPolitics

കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഏകദിന ഉപവാസം


കോഴിക്കോട്: മാഫിയ സംഘത്തിൻ്റെ കൈയിലെ ഉപകരണമായി ഇടതു സർക്കാർ മാറിയിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭൻ. കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ നയിച്ച ഏകദിന ഉപവാസ സമരം കോംട്രസ്റ്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപതി ഏറ്റെടുക്കല്‍ ബില്ലില്‍ ഒപ്പിട്ട് 5 ര്‍ഷം പൂര്‍ത്തിയാവുന്ന ദിവസമാണ് ഉപവാസം സംഘടിപ്പിച്ചത്. കോഴിക്കോടിന്റെ മാണിക്യക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്ഥാപനത്തെ പുന:രുദ്ധീകരിക്കുന്നതിന് വേണ്ടിയുള്ള ഐതിഹാസിക പോരാട്ടമാണ് കഴിഞ്ഞ 14 വർഷമായി വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തി വരുന്നത്. തൊഴിലാളികളുടെ സമരം ഒരിക്കലും പരാജയപ്പെടാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ് തകർക്കുന്നത്. തൊഴിലാളികളെ സൂത്രത്തിൽ പിരിച്ചുവിട്ടു കമ്പനിയുടെ ആസ്തിയും ഭൂമിയും ചുളിവിലയ്ക്ക് കൈക്കലാക്കി അവരുടെ സ്ഥാപനങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ പുതിയ മുഖമാണ് നമുക്ക് ഈ സ്ഥാപനത്തിന്റെ തകർച്ചയ്ക്ക് പിന്നിൽ കാണാൻ കഴിയുന്നത്. എന്നാൽ കേന്ദ്രസർക്കാരിൻ്റെ സജീവ ഇടപെടലുകൾ കൊണ്ടാണ് രാഷ്ട്രപതി ബില്ല് ഒപ്പിട്ട് അംഗീകാരം നൽകിയത്.

രാഷ്ട്രപതി ഒപ്പിട്ട നിയമത്തിന് വിലകല്പികാതെ സംസ്ഥാന സർക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.. തൊഴിലാളി സമരത്തെ ചോരയിൽ മുക്കി കൊല്ലാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിച്ചിട്ടുള്ളത്. ഉപരിവർഗ്ഗത്തിൻ്റെ താല്പര്യം സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടിയായി കമ്യൂണിസ്റ്റ് പാർട്ടി മാറിയിരിക്കുകയാണ്. മൂരാച്ചി രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉള്ളത്. ഭൂമാഫിയക്ക് ഒത്താശ ചെയ്തു നൽകുന്ന പിണിയാളായി പ്രവർത്തിക്കുകയാണ് പിണറായി വിജയൻ. സാധാരണക്കാരന്റെ കണ്ണുനീരിനോ അവരുടെ വികാരങ്ങൾക്ക് ഒരു പരിഗണനയും നൽകുന്നില്ല.
നിലവിൽ കോംട്രസ്റ്റ് കെട്ടിടവും യന്ത്രങ്ങളുമെല്ലാം നശിച്ചു. കേരളം ഭരിച്ച ഇടതു വലതു മുന്നണി സർക്കാരുകൾ ഈ തകർച്ചയ്ക്ക് എല്ലാം മൂകസാക്ഷിയായി നിൽക്കുകയാണെന്നുംഅദ്ദേഹം പറഞ്ഞു.

കോംട്രസ്റ്റ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരെ കുറ്റവിചാരണ ചെയ്യാന്‍ നിസ്സംഗഭാവം വെടിഞ്ഞ് ജനങ്ങള്‍ തയ്യാറാവണമെന്നും കോംട്രസ്റ്റ്,മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്,കുന്നത്തറ ടെക്സ്റ്റൈല്‍സ് തുടങ്ങിയ വ്യവസായസ്ഥാപനങ്ങളുടെ ശവപ്പറമ്പായ കോഴിക്കോട്ട് ബിജെപി പുതിയ സമരമുഖം തുറക്കുകയാണെന്നും ഉപവാസത്തിന് നേതൃത്വം നല്കിയ അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡൻറ് ഹരിദാസ് പൊക്കിണാരി അദ്ധ്യക്ഷത വഹിച്ചു.

ദേശീയ കൗൺസിൽ അംഗങ്ങളായ കെ.പി.ശ്രീശൻ, ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ, മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.പ്രശാന്ത് കുമാർ, എം.മോഹനൻ, വൈസ് പ്രസിഡൻ്റ് മാരായ ടി.ബാലസോമൻ, കെ.പി.വിജയലക്ഷ്മി, സംസ്ഥാന സമിതി അംഗങ്ങളായ ഗിരീഷ് തേവള്ളി, രാമദാസ് മണലേരി, ടി.പി.സുരേഷ്, രമണി ഭായ്, സതീഷ് പാറന്നൂർ, സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ജുബിൻ ബാലകൃഷ്ണൻ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, ബി.എം എസ് ജില്ലാ പ്രസിഡൻ്റ് പി.ശശിധരൻ,തൊഴിലാളി കൂട്ടായ്മ പ്രതിനിധി പി.കെ.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. , ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്, അനുരാധാ തായാട്ട്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യാ മുരളി, ജില്ലാ ട്രഷറർ വി.കെ.ജയൻ, സെൽ കോഡിനേറ്റർ ടി. ചക്രായുധൻ കൗൺസിലർമാരായ രമ്യാ സന്തോഷ്, എൻ.ശിവപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply