കോഴിക്കോട് : വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് പേരു കേട്ട കോഴിക്കോടൻ ചരിത്രത്തിൽ മറ്റൊരു പൊൻ തൂവലായി പട്ടാളപളളിയിൽ ഈദ് സൗഹൃദ കൂട്ടായ്മക്ക് വേദിയായി.
പട്ടാളപള്ളി പരിപാലന കമ്മിറ്റിയും മലബാർ ഇനീഷ്വേറ്റീവ് ഫോർ സോഷ്യൽ ഹാർമണിയും സംയുക്തമായാണ് ഈ ദ് ദിനത്തിൻ്റെ പിറ്റേന്ന് രാവിലെ പട്ടാള പള്ളിയിലെ മിമ്പറിന് ചുറ്റും വ്യത്യസ്തമായ സൗഹൃദ കൂട്ടായ്മയൊരുക്കിയത്
. ഹൈന്ദവ, ക്രിസ്ത്യൻ, മുസ്‌ലിം, ജൈന, പാർസിയടക്കമുള്ള വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളും എൻ.എസ് എസ് , എസ്. എൻ. ഡി. പി തുടങ്ങി സാമുദായി സംഘടനകളും സാമൂഹ്യ സംഘടനകളുടെ പ്രധാന പ്രവർത്തകരും ഒത്തു കൂടിയ സംഗമം വേറിട്ട ചടങ്ങായി മാറി.

ആദ്യമായി പട്ടാള പള്ളി പോലൊരു ചരിത്ര പാരമ്പര്യമുള്ള പള്ളിയിൽ ഒത്തുകൂടുവാൻ അവസരം ലഭിച്ചതിൻ്റെ സന്തോഷം ചടങ്ങിൽ സംസാരിച്ച പ്രമുഖർ പ്രകടിപ്പിച്ചു. വെറുമൊരു ചടങ്ങ് എന്നതിലുപരി മുഖ്യമന്ത്രിയടക്കം എടുത്തുദാഹരിച്ച കോഴിക്കോടിൻ്റെ സഹൃദയത്വത്തിൻ്റെ കൂടി മറ്റൊരു നേർക്കാഴ്ചയാണിതെന്നും ഒരു പക്ഷേ കോഴിക്കോടുമാത്രമെ ഇത്തരമൊരു സൗഹാർദത്തിൻ്റെ അന്തരീക്ഷം എപ്പോഴും ഊഷ്‌മളമായി നിലനില്ക്കുകയുള്ളൂവെന്നും അവർ പറഞ്ഞു.
പട്ടാള പള്ളി പരിപാലന കമ്മിറ്റി പ്രസിഡൻ്റ് കൂടിയായ എക്സ് എം.എൽ. എ ടി. പി. എം സാഹിർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പട്ടാളപള്ളി ഖത്ത്വീബ് ഡോ. ജമാലുദീൻ ഫാറൂഖി ഇൗദ് ദിന സൗഹൃദ സന്ദേശം നല്കി.
തുടർന്ന് ശ്രീരാമകൃഷ്‌ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ , സി.എസ് ഐ ബിഷപ്പ് റവ. റോയ്‌സ് മനോജ് വിക്ടർ, പാളയം മൊഹ്‌യുദ്ദീൻ പള്ളി ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ,കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ, എൻ.എസ്. എസ് ചാലപ്പുറം കരയോഗം പ്രസിഡൻ്റ് പ്രഫ. പത്മനാഭൻ , എസ്.എൻ. ഡി. പി യൂണിയൻ താലൂക്ക് സെക്രട്ടറി സുധീഷ് കേശവപുരി, സാമൂതിരി രാജാവിൻ്റെ പ്രതിനിധി കൃഷ്‌ണനുണ്ണി രാജ,പാർസി ടമ്പിൾ ട്രസ്റ്റി സുബിൻ മാർഷൽ, ആർ.ജയന്ത് കുമാർ, മിഷ് ഭാരവാഹികളായ മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ , ഡോ. കെ മൊയ്തു, മുസ്‌തഫ മുഹമ്മദ് , പട്ടാള പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളായ പി . എം അബ്ദുൾ കരീം, ഏ.വി. നൗഷാദ് എന്നിവർ സംസാരിച്ചു.
പട്ടാളപള്ളി സംഘാടക സമിതിക്കായുള്ള മിഷിൻ്റെ ആദരവ് ട്രഷറർ സി.ഇ ചാക്കുണ്ണി സമർപ്പിച്ചു.
സംഘാടക സമിതി ഭാരവാഹികളായ കെ.ഹാരിസ്, പി.എം. മുസമ്മിൽ, ഈസാ ഹർഷാദ്, എ.വി. ഫർദിസ്, സനാഫ് പാലക്കണ്ടി, വി.എസ് അസീസ്, ഫൈസൽ ഇയ്യക്കാട് എന്നിവർ സംഗമത്തിന് നേതൃത്വം നല്കി.










