Thursday, December 26, 2024
GeneralLatest

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ


ദില്ലി: ആധാർ കാർഡും  തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും  തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല്   കേന്ദ്രസർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം  ഇതടക്കമുള്ള തെരഞ്ഞെടുപ്പ് ചട്ട പരിഷ്കരണത്തിന് അംഗീകാരം നൽകി.

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകുമെന്നതാണ് പരിഷ്കാരങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം. വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകാനും, ഇരട്ടവോട്ടും കള്ളവോട്ടും തടയാനുമാണ് പുതിയ നിയമപരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.

നേരത്തെ പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് കേന്ദ്രം നിർബന്ധമാക്കിയിരുന്നു. ഇതുപോലെയാവില്ല വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്ന ഉത്തരവെന്നാണ് സൂചന. സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിശോധിച്ച്, ഇതിന്‍റെ അടിസ്ഥാനത്തിലാകും ഉത്തരവ് പുറത്തിറക്കുക.

വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാൾക്ക് ഒരിടത്ത് ഒരുവോട്ട് മാത്രമേ ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഭേദഗതി നിർദേശം സർക്കാരിന് സമർപ്പിച്ചത്. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കണമെന്ന് നിലവിൽ സുപ്രീംകോടതിയിൽ ഒരു ഹർജി നിലവിലുണ്ട്. തുടക്കത്തിൽ ഇക്കാര്യം ആരെയും നിർബന്ധിക്കില്ല. അതേസമയം, ഇതുരണ്ടും ബന്ധിപ്പിക്കാത്തവരെ എളുപ്പത്തിൽ കണ്ടെത്താനും നിരീക്ഷിക്കാനുമാവും.


Reporter
the authorReporter

Leave a Reply