LatestPolitics

അഭിരുചി നിർണയത്തിന് ഹൈസ്കൂൾ തലത്തിൽ സമഗ്ര കർമ്മ പദ്ധതി വേണം: വിസ്ഡം സ്റ്റുഡൻസ് ഇൻ്റലക്ച്വൽ മീറ്റ്

Nano News

കോഴിക്കോട്: വിദ്യാർഥികളുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്സുകൾ കണ്ടെത്തുന്നതിനും തൊഴിലിന് സന്നദ്ധരാക്കുന്നതിനും എ.ഐ ഉൾപ്പെടെയുള്ള പുതിയ കാല സങ്കേതങ്ങളിൽ പരിശീലനം നൽകുന്നതിനും ഹൈസ്കൂൾ വിദ്യാർഥികളെ ലക്ഷ്യം വെച്ചുള്ള സമഗ്ര കരിയർ പദ്ധതിക്ക് സർക്കാർ രൂപം നൽകണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച സംസ്ഥാന ഇൻ്റലക്ച്വൽ മീറ്റ് ആവശ്യപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.

 

കെ.എം അഭിജിത്ത് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന ട്രഷറർ കാബിൽ സി.വി. അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.

ഉയർന്ന കോഴ്സുകൾക്ക് പഠിക്കുമ്പോൾ പോലും ജോലി മേഖലക്ക് സജ്ജമാകാത്ത സ്ഥിതിവിശേഷം ഗൗരവത്തിലെടുക്കണം. തൊഴിലധിഷ്ഠിത കോഴ്സുകൾ വ്യാപിപ്പിക്കുന്നതോടൊപ്പം അഭിരുചിക്ക് അനുയോജ്യമായ കോഴ്സുകൾ കണ്ടെത്തുന്നതിനാവശ്യമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കണം. അഭിരുചി നിർണ്ണയ ടെസ്റ്റുകൾ ഹൈസ്കൂൾ തലം മുതൽ നടപ്പാക്കണം. എ. ഐ സങ്കേതങ്ങൾ ഉൾപ്പെടെയുള്ള നവ കോഴ്സുകളിലേക്ക് കൃത്യമായി ദിശ കാണിക്കാൻ സാധിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാനും സർക്കാർ മുന്നിട്ടിറങ്ങണമെന്ന് സംഗമം ആവശ്യപ്പെട്ടു.

വിദ്യാലയങ്ങളിലും കോളേജുകളിലും കരിയർ – അക്കാദമിക സെല്ലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. ചെറിയ ക്ലാസുകൾ മുതൽ തന്നെ ദിശ നിർണയിച്ചു നൽകുന്ന പരിപാടികൾക്ക് രൂപം നൽകണമെന്നും സംഗമം ആവശ്യമുയർത്തി.

വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജനറൽ സെക്രട്ടറി സഫ്‌വാൻ ബറാമി അൽ ഹികമി, വൈസ് പ്രസിഡൻ്റ് ഡോ. ഷഹബാസ് കെ. അബ്ബാസ്, ജോയിൻ്റ് സെക്രട്ടറിമാരായ നുസ്ഹാൻ രണ്ടത്താണി, മുഹമ്മദ് ബിൻ അലവി, അസ്ഹർ അബ്ദുൽ റസാക്ക്, സംസ്ഥാന വെൽഫെയർ വിംഗ് കൺവീനർ സിയാദ് ബിൻ സുൽഫി, അംഗങ്ങളായ സഫീർ താനൂർ, സുഹൈൽ പരപ്പനങ്ങാടി, സി.വി. യാസീൻ, മുബഷിർ അബ്ദുൽ നാസർ, ഷബീബ് അസ്‌ലം, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ അബ്ദുൽ അഹദ് ചുങ്കത്തറ, സൽമാൻ ഇരുവേറ്റി, അബ്ദുറഹീം മഞ്ചേരി, സഹൽ ആദം തുടങ്ങിയവർ സംബന്ധിച്ചു.

 

 


Reporter
the authorReporter

Leave a Reply

error: Content is protected !!