Cyber crimeLatest

ഓപ്പറേഷൻ CyHunt ന്റെ ഭാഗമായി കോഴിക്കോട് സിറ്റിയില്‍ 28 കേസുകൾ രജിസ്റ്റർ ചെയ്തു

Nano News

കോഴിക്കോട് : ഓണ്‍ലൈന്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കേരള പോലീസ് നടത്തിയ ഓപ്പറേഷൻ CyHunt 3.0 ൽ കോഴിക്കോട് സിറ്റിയിൽ മാറാട് സ്വദേശി ഇറ്റാട്ടില്‍ പറമ്പ് ഫാദിയാസ് വീട്ടില്‍ മഷ്ഹൂഖ് കെ. എം.(36 വയസ്സ്)നെ മാറാട് പോലീസ് അറസ്റ്റ് ചെയ്തു.

സിറ്റിയിലെ 148 സംശയാസ്പദ ബാങ്ക് അക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ട് നടത്തിയ നടപടികളിൽ 83 ഓളം റെയിഡുകൾ നടത്തുകയും 28 കേസുകൾ രജിസ്റ്റർ ചെയ്യുകയും, ഒരാളെ അറസ്റ്റ് ചെയ്യുകയും 27 പേർക്ക് നോട്ടീസ് നൽകുകയും 16 മൊബൈൽ ഫോണുകളും ബാങ്ക് പാസ്സ്ബുക്കുകളും അനുബന്ധ രേഖകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ഓൺലൈൻ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി (1930, , https://cybercrime.gov.in/ ) രാജ്യ വ്യാപകമായി രജിസ്റ്റർ ചെയ്തു സൈബർ കേസുകളിൽ കോഴിക്കോട് സിറ്റിയിൽ ബാങ്ക് അക്കൗണ്ട് ഉള്ളവരെയാണ് പരിശോധന നടത്തിയത്. ”

ഓൺലൈൻ സൈബർ തട്ടിപ്പുകളിൽ നിന്ന് ലഭിക്കുന്ന അനധികൃത പണം ഒളിപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉപയോഗിക്കുന്ന അക്കൗണ്ടുകളെ (‘മ്യൂൾ’ ബാങ്ക് അക്കൗണ്ടുകൾ) കണ്ടെത്തുകയും അതുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് ഉടമകളെയും അനുബന്ധ വ്യക്തികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഈ ഓപ്പറേഷൻ്റെ പ്രധാന ലക്ഷ്യം. ക്രിപ്റ്റോ ( ഡിജിറ്റൽ) കറൻസി പ്ലാറ്റ്ഫോമുകളിലെ പിയർ ടു പിയർ ഇടപാടുകളിലും, അംഗീകൃതമല്ലാത്ത ക്രിപ്റ്റോ കറൻസി പ്ലാറ്റ്ഫോമുകളിലെ ഇടപാടുകളിലും മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.”

വിദ്യാർത്ഥികളും, സാധാരണക്കാരും, ബിസിനസ് സ്ഥാപന ഉടമകളും തുടങ്ങി സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ ഉള്ള ആളുകൾ സ്വന്തം പേരിലോ, ബിസിനസ് സ്ഥാപനത്തിൻ്റെ പേരിലോ ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട കുറ്റവാളികൾക്ക് കൈമാറുന്നതായും, അക്കൗണ്ടിൽ വരുന്ന പണം ചെക്ക് ഉപയോഗിച്ചും ATM വഴിയും പിൻ വലിച്ചു നൽകുന്നതായും, കമ്മിഷൻ ആയി വലിയ തുകകൾ കൈപ്പറ്റുന്നതായും, കൂടാതെ ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് നൽകുന്നതായും അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. അത് വഴി വലിയ തുകകളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളിൽ അവർ നേരിട്ട് പങ്കാളികളാവുകയും സംഘടിത കുറ്റകൃത്യത്തിന്റെ ഭാഗവാക്കാവുകയും ചെയ്യുന്നു.

പൊതുജനങ്ങൾ, സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക ലാഭത്തിനു വേണ്ടിയോ, അല്ലാതെയോ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകരുതെന്നും, ടെലിഗ്രാം വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ സംവിധാനങ്ങൾ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ടിന്റെ ഇൻറർനെറ്റ് ലോഗിൻ വിവരങ്ങളും കൈമാറ്റം ചെയ്യരുതെന്നും, സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽ സംശയാസ്പദമായ സാമ്പത്തിക. ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കേണ്ടതാണ്

അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഓൺലൈൻ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയുള്ള ശക്തമായ നിയമ നടപടികൾ ഇനിയും തുടരുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എ.പി ഷൌക്കത്തലി ഐ.പി.എസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!