കോഴിക്കോട്: വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ നല്‍കാന്‍ ഫയലുകള്‍ കാണാനില്ലെന്നായിരുന്നു ചില ഓഫീസ് അധികാരികളുടെ മറുപടി. ഇത്തരം ഓഫീസുകളിലെ വിവരാവകാശ ഓഫീസര്‍മാരോട് ഒരു ടീമിനെ വെച്ച് തെരച്ചില്‍ നടത്തി, ഫയല്‍ കണ്ടെത്തി വിവരം നല്‍കാനായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ നിര്‍ദ്ദേശം. താലൂക്ക് ലാൻഡ് ബോർഡ് സോണൽ സബ് ഓഫീസ്, കോഴിക്കോട് ലാൻഡ് ട്രൈബ്യൂണൽ ഓഫീസ്, പയ്യോളി വില്ലേജ് ഓഫീസ് എന്നിവടങ്ങളിലെ വിവരാവകാശ ഓഫീസര്‍മാരാണ് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങില്‍ ഫയലുകള്‍ കാണാനില്ലെന്ന വാദമുയര്‍ത്തിയത്. ഇവര്‍ക്കാണ് ശക്തമായ ഭാഷയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ നിര്‍ദ്ദേശം നല്‍കിയത്. അപേക്ഷകർക്ക് വ്യക്തമായ വിവരങ്ങൾ നൽകാത്ത ഫറോക്ക് നഗരസഭയിലെ വിവരാവകാശ ഓഫീസർമാരോട് കൃത്യമായ വിവരങ്ങൾ നൽകാൻ കമ്മീഷണർ നിർദേശം നൽകി. ഹിയറിങ്ങിൽ 16 അപ്പീലുകൾ തീർപ്പാക്കി.
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടാൽ നിശ്ചിത സമയത്തിനകം നൽകാതെ വൈകി നൽകുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യവും ശിക്ഷാർഹവുമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ സിറ്റിങ്ങിന് ശേഷം പറഞ്ഞു. കൃത്യവും വ്യക്തവുമായ വിവരങ്ങൾ സമയബന്ധിതമായി ലഭിക്കുക എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. എന്നാൽ, പല ഓഫീസുകളിൽനിന്നും വിവരാവകാശ നിയമം അനുശാസിക്കുന്ന തരത്തിൽ വ്യക്തമായ വിവരങ്ങൾ സമയബന്ധിതമായി നൽകുന്നില്ല. ഫയൽ കാണാനില്ല, ക്രോഡീകരിച്ചില്ല, ലഭ്യമല്ല, ബാധകമല്ല എന്ന തരത്തിലുള്ള മറുപടികൾ നൽകി അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയുണ്ട്. വിവരാവകാശ അപേക്ഷ ലഭിച്ചാൽ എത്രയും വേഗം അല്ലെങ്കിൽ പരമാവധി 30 ദിവസത്തിനകം നൽകണം. എന്നാൽ, ഇപ്രകാരം വിവരം നൽകാത്തതിനാൽ അപേക്ഷകൻ രണ്ടാം അപ്പീൽ സമർപ്പിച്ചതിൽ കമീഷൻ റിപ്പോർട്ട് ആവശ്യപ്പെടുമ്പോഴാണ് പല ഓഫീസുകളിൽനിന്നും വിവരവും രേഖകളുടെ പകർപ്പും നൽകുന്നതായി കാണുന്നത്. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കും. ഓരോ കാര്യാലയത്തിലെയും ഫയലുകൾ നശിച്ചു പോകാതിരിക്കാൻ ഡിജിറ്റലൈസേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിലൂടെ ഫയൽ സംരക്ഷിക്കേണ്ടതാണെണെന്നും കമ്മീഷണർ പറഞ്ഞു.










