കോഴിക്കോട്: സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റംഗവുമായ എൻ ഇ ബാലറാമിന്റെ ചരമവാർഷികം ജില്ലയിലെങ്ങും സമുചിതമായി ആചരിച്ചു. സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ കൃഷ്ണപ്പിള്ള മന്ദിരത്തിൽ ജില്ലാ അസി. സെക്രട്ടറി പി കെ നാസർ പതാകയുയർത്തി പുഷ്പാർച്ചന നടത്തി. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ നേതാക്കളിൽ പ്രമുഖനായിരുന്നു എൻ ഇ ബാലറാമെന്ന് പി കെ നാസർ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. അധികാരത്തേക്കാൾ ആശയങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകി. തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കാണ് അദ്ദേഹം നിരന്തരം പോരാട്ടം നടത്തി. ആ പോരാട്ടങ്ങളും അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും പി കെ നാസർ പറഞ്ഞു. ചടങ്ങിൽ ഒ പ്രശാന്ത് സ്വാഗതം പറഞ്ഞു. ആശ ശശാങ്കൻ അധ്യക്ഷത വഹിച്ചു. കെ സുജിത്ത്, ഇ രമേശൻ, കെ രതീശൻ തുടങ്ങിയവർ സംസാരിച്ചു. പാർട്ടി ഓഫീസുകൾ അലങ്കരിച്ചും ഛായാചിത്രത്തിൽ പുഷ്പാർച്ച നടത്തിയും ജില്ലയിലെങ്ങും എൻ ഇ ബാലറാമിന്റെ സ്മരണ പുതുക്കി.










