ന്യൂഡൽഹി: രാജ്യത്ത് വ്യോമയാന മേഖലയിൽ വരും വർഷങ്ങളിൽ വലിയ സാധ്യതയാണ് തുറന്നു വെക്കുന്നതെന്നും ഇത് പ്രയോജനപ്പെടുത്താൻ കേരളത്തിലെ സഹകരണ മേഖല മൂന്നോട്ട് വരുന്നത് മാതൃകപരമാണെന്നും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.
കേരളത്തിൽ സഹകരണ മേഖലയിൽ കോ എയർ എന്ന പേരിൽ പ്രധാന നഗരങ്ങളെ ബന്ധപ്പെടുത്തി ചെറു വിമാന സർവീസ് തുടങ്ങാൻ പദ്ധതി തയ്യാറാക്കുന്നതായി എം. വി. ആർ. കാൻസർ സെന്റർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ, വൈസ് ചെയർമാൻ പി. കെ. അബ്ദുള്ളക്കോയ, കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ( ലാഡർ ) ഡയറക്ടർ കെ. പ്രവീൺകുമാർ എം. എൽ.എ എന്നിവർ മന്ത്രിയെ കണ്ട് വിശദീകരിച്ചപ്പോൾ മന്ത്രി പൂർണ പിന്തുണ നൽകി. ആഭ്യന്തര വിമാന യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഉഡാൻ സ്റ്റേജ് രണ്ട് പദ്ധതിയിൽ ഇത്തരം വിമാന സർവീസുകൾക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത് എന്ന് മന്ത്രി പറഞ്ഞു. അടുത്ത 10 വർഷത്തിൽ പുതുതായി 100 വിമാന താവളങ്ങൾ തുടങ്ങും. ഇതിനായി 30,000 കോടി രൂപ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നത് കേരളത്തിന്റെ ടൂറിസം വളർച്ചക്കും വലിയ നേട്ടമാവും.
കേന്ദ്ര സഹമന്ത്രി മുരളീധർ മോഹൽ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ വിപിൻ കുമാർ, കേന്ദ്ര വ്യോമയാന സെക്രട്ടറി സമീർ കുമാർ സിൻഹ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.









