FootballLatestsportsWorld cup football

ഫോക്ലാന്റും മെക്സിക്കോയും കടന്ന് അറ്റ്ലാന്റയിൽ

Nano News

……🖋️അഭിലാഷ് നാരായണൻ

⚽ഇന്ത്യൻ സമയം ജൂൺ 16 ന് പുലർച്ചെ (12.30AM) ഇംഗ്ലണ്ടും അർജൻറീനയും ഫുട്ബോൾ മൈതാനത്ത് ഒരിക്കൽ കൂടി നേർക്കുനേർ കാണുന്നു. ഇംഗ്ലണ്ട് നോർവെയേയും അർജന്റീന സ്വിറ്റ്സർലണ്ടിനെയും മറികടന്നാണ് 2026 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതിനു മുൻപ് ഇരുവരും സെമി ഫൈനലിൽ ഏറ്റുമുട്ടിയത് 1986 ലാണ്. അന്ന് മറഡോണയുടെ അർജന്റീന ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ ഗോൾ പിറന്ന മത്സരം.
അന്നത്തെ അർജന്റീനയുടെ മത്സരം കാൽപന്തിന് ചുറ്റും മാത്രമായിരുന്നില്ല. അർജന്റീനയെ തുരത്തിയ ഫോക്ലാന്റ് ദ്വീപിലെ ഇംഗ്ലണ്ടിന്റെ അധിനിവേശത്തിനെതിരെ കൂടിയായിരുന്നു! അർജന്റീനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ കൂടിയുള്ളതായിരുന്നു!
ലോക ഫുട്ബോളിലെ മിശിഹായെന്ന് മെസ്സിയെ ആരാധകർ വിളിക്കുന്നു. മറഡോണക്കുശേഷം അർജന്റീനയുടെ മൈതാനത്ത് കിളിർത്ത മാന്ത്രികനാണ് മെസ്സി. ലോക കിരീടത്തിന്റെ തലപ്പൊക്കം മറഡോണക്കൊപ്പം തന്നെ മെസ്സിക്കുമുണ്ട്. എന്നാൽ മറഡോണ അർജന്റീനക്കാർക്ക് മെസ്സിയെക്കാൾ വൈകാരികമായ ആവേശമാകുന്നത് ഫോക്ലാന്റിനു പകരം പന്തു കൊണ്ട് നൽകിയ മറുപടിയിലൂടെയാണ്. സൗത്ത് അറ്റ്ലാന്റിക്കിലെ ചെറുദ്വീപാണ് ഫോക്ലാന്റ്. ഒന്നര നൂറ്റാണ്ടിലധികമായി ഫോക്ലാന്റിനായുളള അവകാശവാദം അർജൻറീന ഉയർത്തുന്നുണ്ട്. അർജന്റീന ഫോക്ലാന്റിലേയ്ക്ക് സൈനിക നീക്കം നടത്തി. ഇംഗ്ലണ്ട് അതിനെ പ്രതിരോധിച്ചു. ദ്വീപിലുള്ളത് കൂടുതൽ ബ്രിട്ടീഷ് പൗരന്മാരാണെന്ന വാദമായിരുന്നു ഇംഗ്ലണ്ടിന്റേത്. 1982 ഏപ്രിൽ ആദ്യം തുടങ്ങിയ യുദ്ധം 70 ദിവസത്തോളം നീണ്ടുനിന്നു. ഇംഗ്ലണ്ടിന്റെ സൈനിക ശക്തിക്ക് മുൻപിൽ അർജന്റീന പിൻവാങ്ങി. ഒരു രാഷ്ട്രമെന്ന നിലയിൽ അർജന്റീന അപമാനിതരായി.
ഫോക്ലാന്റിലേറ്റ പരാജയത്തിന് നാല് വർഷത്തിനു ശേഷം മെക്സികോയിൽ അർജന്റീന കണക്കിന് കൊടുത്തു. ഒരു രാജ്യത്തിന്റെ കുനിഞ്ഞുപോയ നട്ടെല്ല് മറഡോണയും ചുണകുട്ടികളും നിവർത്തി. ഇംഗ്ലണ്ടിനെ സെമി ഫൈനലിൽ 2-1 ന് പൂട്ടി കെട്ടി. മറഡോണയുടെ ആദ്യ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലാണ് ലോകമറിഞ്ഞത്. ഹെഡ് ചെയ്യാനായി ചാടിയ പന്ത് കൈയ്യിൽ തട്ടിയാണ് വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെ മറികടന്ന് നെറ്റിൽ പതിച്ചത്. സൂക്ഷമ പരിശോധനയ്ക്ക് സാങ്കേതിക തികവില്ലാതിരുന്ന ആ കാലത്ത് റഫറി ഗോൾ അനുവദിച്ചു.
രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോളായി. സ്വന്തം പകുതിയിൽ നിന്ന് പന്തുമായി 11 സെക്കൻഡിൽ ഇംഗ്ലീഷ് പ്രതിരോധക്കാരെ ഒന്നൊന്നായി മറികടന്ന് നേടിയ ഗോൾ മറഡോണയെ മാന്ത്രികനാക്കി. ആ ടിം ഒരു സൈന്യമായി മാറുകയായിരുന്നു. മറഡോണ ജനറലും. ഫൈനലിൽ ജർമനിയായിരുന്നു അർജന്റീനയുടെ എതിരാളികൾ. ലോക കിരീടവും അതിനേക്കാളേറെ ഉയർന്ന ശിരസുമായാണ് ബ്യൂണസ് ഐറിസിലേയ്ക്ക് അവർ മടങ്ങിയത്
ഇരു രാജ്യങ്ങളും തമ്മിൽ അന്നത്തെ രാഷ്ട്രീയ വൈരം അതേ അളവിലില്ല. എങ്കിലും ചാരത്തിനു കീഴെ കനൽ പൂർണമായും തണുത്തിട്ടില്ല. ഇംഗ്ലണ്ടിനെതിരെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ പന്ത് തട്ടുമ്പോൾ മെസിയുടെ പടയ്ക്ക് ഫോക്ലാന്റിലെ പരാജയവും മെക്സികോയിലെ വിജയവും ഒപ്പം മറഡോണയും തീപിടിപ്പിയ്ക്കുന്ന ആവേശമാകും!. തീർച്ച.


Reporter
the authorReporter

Leave a Reply

error: Content is protected !!