മുക്കം: എയിംസ് ജില്ലയിലെ കിനാലൂരിൽ തന്നെ സ്ഥാപിക്കണമെന്നും അവിടെ നിന്ന് മാറ്റാനുള്ള നീക്കങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നും
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുൻ എൽഡിഎഫ് സർക്കാരിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് കേരളത്തിന് എയിംസ് അനുവദിക്കാമെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. അതനുസരിച്ച് കിനാലുരിൽ എയിംസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി കേന്ദ്ര ആരോഗ്യവകുപ്പിനെ രേഖാമൂലം അറിയിച്ചതാണ്. കിനാലൂർ, കാന്തലോട് വില്ലേജുകളിലെ 252 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ എയിംസിനായി കണ്ടെത്തിയത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളുള്ള ഭൂമി കണ്ടെത്തുകയും ആവശ്യമായ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും എയിംസ് കോഴിക്കോടിന് നഷ്ടപ്പെടുത്താനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. കിനാലൂരിൽ തന്നെ എയിംസ് സ്ഥാപിക്കാനാവശ്യമായ നടപടി സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അരുൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ദിപു പ്രേംനാഥ് കണക്കും അവതരിപ്പിച്ചു. ടി വിശ്വനാഥൻ സ്വാഗതം പറഞ്ഞു. 380 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ചൊവ്വാഴ്ച വൈകുന്നേരം ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമാപിക്കും.










