വയനാട് :കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തു പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളെയും ജീവനക്കാരെയും സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അഭിനന്ദിച്ചു. വയനാട് മേല്പാടി – ചൂരൽമല മഹാദുരന്തമുണ്ടായപ്പോൾ ചെയ്തതുപോലെ, അതിവേഗം പ്രതികരിക്കാൻ, ആവശ്യമായ യന്ത്രോപകരണങ്ങളും വാഹനങ്ങളും ആൾബലവുമായി ആരുടെയും ആഹ്വാനംകൂടാതെ രക്ഷാദൗത്യത്തിനായി പുറപ്പെടാൻ, കാട്ടിയ ഉത്തരവാദിത്വബോധം മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതിദുരന്തത്തിന്റെ വിവരം ലഭിച്ചു മിനിറ്റുകൾക്കുള്ളിൽ ഊരാളുങ്കൽ സൊസൈറ്റിയുടെ സംഘം രക്ഷാസന്നാഹങ്ങളുമായി അവിടെ എത്തി. അഞ്ചു ജെസിബിയും രണ്ട് ഹിറ്റാച്ചി(220)യും എട്ടു ടിപ്പർ ലോറിയും ഒരു ഗുഡ്സ് ഓട്ടോയും അപകടസ്ഥലത്തേക്ക് ഇന്ധനം എത്തിക്കാൻ ഒരു പിക്കപ്പ് വാഹനവും സൊസൈറ്റി ഉടൻതന്നെ അവിടെ എത്തിച്ചു. രക്ഷാദൗത്യത്തിനു പുറമേ, അവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻപേർക്കും ഈ ആറു ദിവസവും ഭക്ഷണം ഒരുക്കി നല്കിയതും സൊസൈറ്റിയാണ്.
വയനാട് കല്പറ്റ ടൗൺഷിപ് പദ്ധതി, മേപ്പാടി – ചൂരൽമല റോഡുനിർമ്മാണം എന്നിവയിൽനിന്നുള്ള തൊഴിലാളികളും ജീവനക്കാരുമാണ് രക്ഷാദൗത്യം നിർവ്വഹിച്ചത്. പ്രകൃതിദുരന്തത്തിന്റെ അതീവദുഷ്കരമായ സാഹചര്യത്തിലും സ്ഥാപനത്തിലെ എല്ലാ വിഭാഗം ജീവനക്കാരും തൊഴിലാളികളും ഒരുമിച്ചു പ്രവർത്തിച്ച് സമൂഹത്തോടുള്ള ഉത്തവാദിത്വം മാതൃകാപരമായി നിറവേറ്റി. ദുരന്തനിവാരണപ്രവർത്തനങ്ങളിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും നല്കിവരുന്ന വിദഗ്ദ്ധപരിശീലനം അവസരോചിതമായി രക്ഷാപ്രവർത്തനം നടത്താൻ സഹായകമായി.
സൊസൈറ്റിയിലെ അസിസ്റ്റന്റ് ജനറൽ മാനേജർ സന്ദീപ്, വയനാട് ടൗൺഷിപ്പ് പ്രോജക്ട് ലീഡർമാരായ കുമാരൻ, ബിമോഷ്, നിധിൻ, തുഷാന്ത്, പ്രൊജക്റ്റ് കോഓർഡിനേറ്ററായ ഷനൂപ്, പ്രോജക്ട് സേഫ്റ്റി ഇൻചാർജ് നിധീഷ്, സബ് ലീഡർ രജിത്, പ്രോജക്ട് എൻജിനീയർമാരായ ജിതിൻ, സ്മിതിൻ, യതിൻ ബാല, ഷമീം, സലീം, സേഫ്റ്റി ഓഫീസർമാരായ ഷാരോൺ, ദിനൂപ്,ഇൻഷാദ്, സൈറ്റ് ക്ലാർക്കുമാരായ അജു. നികേഷ്, സൈറ്റ് സൂപ്പർവൈസർമാരായ . പ്രകാശൻ. അഫ്സൽ. റോഷന് എന്നിവരും മേപ്പാടി–ചൂരൽമല റോഡുനിർമാണപദ്ധതിയിലെ മുഴുവൻ തൊഴിലാളികളും ദുരന്തം നടന്ന 7-ാം തീയതി മുതൽ 12-ാം തീയതി വരെ തുടർച്ചയായി പ്രവർത്തിച്ചു. സൊസൈറ്റി ഡയറക്ടർ പ്രകാശൻ നേതൃത്വം നല്കി.
സൊസൈറ്റിയുടെ സംഘം വൻതോതിൽ മണ്ണു നീക്കം ചെയ്യുകയും റോഡിലുണ്ടായിരുന്ന അവശിഷ്ടങ്ങൾ മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ, തിരച്ചിൽപ്രവർത്തനങ്ങൾക്കു വഴി ഒരുക്കുകയും രക്ഷാസേനകൾക്കു തടസ്സങ്ങളില്ലാതെ പ്രവർത്തിക്കാൻ വേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ദുരന്തപ്രദേശത്ത് നേരിടേണ്ടിവന്ന പ്രതികൂലകാലാവസ്ഥയും ദുഷ്കരമായ ഭൂപ്രകൃതിയുമെല്ലാം അവഗണിച്ച് ടീം ഊരാളുങ്കൽ അഹോരാത്രം സേവനസന്നദ്ധരായി പ്രവർത്തിച്ചു. ജീവനുകൾ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർസംവിധാനങ്ങൾ, രക്ഷാസേനകൾ, പോലീസ്, ഫയർ & റെസ്ക്യൂ, മറ്റ് ഏജൻസികൾ എന്നിവരുമായി ഏകോപനം പുലർത്തി പ്രവർത്തിച്ചതിലൂടെ രക്ഷാപ്രവർത്തനങ്ങളുടെ വേഗവും കാര്യക്ഷമതയും വർധിപ്പിക്കാൻ സാധിച്ചു.
മേപ്പാടി – ചൂരൽമല ദുരന്തം ഉണ്ടായപ്പോഴും ആ രാത്രിയിൽത്തന്നെ ആദ്യം പാഞ്ഞെത്തിയത് ഊരാളുങ്കൽ ടീം ആയിരുന്നു. അന്നു ജീവനുകൾ രക്ഷിക്കാനും മൃതദേഹങ്ങൾ കണ്ടെത്താനും പ്രവർത്തിക്കുക മാത്രമല്ല, രക്ഷാസേനകൾക്ക് ഇറങ്ങാൻ ഹെലി പാഡ് നിർമ്മിക്കുകയും ബെയ്ലി പാലം നിർമ്മിക്കാൻ വേണ്ട പശ്ചാത്തലസൗകര്യം ഒരുക്കുകയും സേനയ്ക്കു പിന്തുണ നല്കുകയും ചെയ്യാൻ സൊസൈറ്റിക്കു കഴിഞ്ഞു. സൊസൈറ്റിയുടെ യന്ത്രോപകരണങ്ങളും വാഹനങ്ങളുമാണ് മുഖ്യമായും പ്രവർത്തിച്ചത്. അന്നും രക്ഷാപ്രവർത്തകർക്ക് ആദ്യദിനങ്ങൾ ഭക്ഷണം ഒരുക്കിനല്കിയത് ഊരാളുങ്കൽ സൊസൈറ്റി ആയിരുന്നു.
മുഖ്യമന്ത്രിയുടെയും രക്ഷാസേനാമേധാവിയുടെയും അഭിനന്ദനത്തിന് അർഹമായ സൊസൈറ്റിയുടെ സാമൂഹികപ്രതിബദ്ധതയും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ചുള്ള ആത്മാർത്ഥവും ത്യാഗനിർഭരവുമായ സന്നദ്ധസേവനത്തിന്റെ മാതൃക ഉയർത്തിപ്പിടിക്കാൻ ഈ സന്ദർഭത്തിലും സൊസൈറ്റിക്കു കഴിഞ്ഞെന്ന് രമേശൻ പാലേരി പറഞ്ഞു. “ഇപ്പോൾ കള്ളാാടിയിൽ നടത്തിയ പ്രവർത്തനങ്ങൾ ദുരന്തബാധിതപ്രദേശത്തെ സാധാരണജീവിതം വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊ ണ്ടുപോകുന്നതിനും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തരസഹായം ലഭ്യമാക്കാനും വലിയ സംഭാവന നൽകി. 2018, 19 പ്രളയങ്ങളുടെയും കോവിഡ് മഹാമാരിയുടെയുമൊക്കെ സന്ദർഭങ്ങളിൽ സ്വയംസന്നദ്ധരായി കർമ്മരംഗത്തിറങ്ങിയ, പ്രതിസന്ധിഘട്ടങ്ങളിൽ സമൂഹത്തിനൊപ്പം ഉറച്ചുനിൽക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന, ഊരാളുങ്കൽ സൊസൈറ്റിയുടെ പാരമ്പര്യത്തിന്റെ മറ്റൊരു മികച്ച ഉദാഹരണമായി ഈ രക്ഷാപ്രവർത്തനം. പ്രതിസന്ധിയുടെ നിമിഷങ്ങളിൽ സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കുക എന്നത് ഒരു ഉത്തരവാദിത്വം മാത്രമല്ല, ഊരാളുങ്കൽ സൊസൈറ്റി എന്നും ഉയർത്തിപ്പിടിക്കുന്ന മൂല്യമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.










