താമരശ്ശേരി: പള്ളികളിലും മദ്‌റസകളിലും ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാലാനുസൃതമായ വേതനവും അര്‍ഹമായ തൊഴില്‍ അന്തസ്സും ഉറപ്പാക്കാന്‍ മഹല്ല്-സമുദായ നേതൃത്വങ്ങള്‍ അടിയന്തിരമായി മുന്നോട്ടുവരണമെന്ന് ഐ.എസ്.എം സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സമൂഹത്തെ സാന്മാര്‍ഗിക പാതയിലേക്ക് നയിക്കാന്‍ ജീവിതം സമര്‍പ്പിച്ച ഈ വിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഗൗരവമായ പുനര്‍ചിന്തനം നടത്താന്‍ പൊതുസമൂഹം തയ്യാറാകേണ്ട സമയമാണിതെന്നും സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
നിലവിലെ കടുത്ത വിലക്കയറ്റവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകളും കാരണം മതസ്ഥാപനങ്ങളിലെ ജീവനക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍, മാന്യമായ മറ്റ് ബദല്‍ വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നുണ്ട്.

ജീവനക്കാരുടെ ഇത്തരം നീക്കങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയോ അവരെ ഒറ്റപ്പെടുത്തുകയോ ചെയ്യാതെ, ചേര്‍ത്തുപിടിക്കാനും സമയോചിതമായ കരുതലും പിന്തുണയും നല്‍കാനും മഹല്ല് കമ്മിറ്റികളും മാനേജ്മെന്റുകളും തയ്യാറാകണം.
പ്രതിസന്ധികളുടെ കുത്തൊഴുക്കില്‍ വിശ്വാസം മുറുകെ പിടിച്ച് മുന്നോട്ട് പോകാനുള്ള മാനസിക കരുത്ത് പലര്‍ക്കും ചോര്‍ന്നുപോകുന്നത് ഗൗരവമായി പഠന വിധേയമാക്കേണ്ടതുണ്ടെന്നും കൗണ്‍സില്‍ വിലയിരുത്തി. മനസ്സ് ദുര്‍ബലമാകുമ്പോഴാണ് പലപ്പോഴും ദുരന്തങ്ങള്‍ കടന്നുവരുന്നത് എന്നതിനാല്‍, ഇവര്‍ക്ക് കൃത്യമായ മാനസിക പിന്തുണ ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.
മതസ്ഥാപനങ്ങളിലെ സേവനത്തെ ആദരവോടെ കാണാനും ജീവനക്കാര്‍ക്ക് അന്തസ്സുള്ള ജീവിത സാഹചര്യം ഒരുക്കാനും സമുദായത്തിന് ബാധ്യതയുണ്ട്. അതിനാല്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ വ്യവസ്ഥാപിതമായ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും ഐ.എസ്.എം പ്രമേയം ആവശ്യപ്പെട്ടു.

കോളിക്കല്‍ ഐ ക്യു എസ് ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ സമ്മേളനം കെഎന്‍എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ ടി അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.
കെഎന്‍എം മര്‍കസുദ്ദഅവ സെക്രട്ടറി ഫൈസല്‍ നന്മണ്ട, നൗഷാദ് കാക്കവയല്‍, ഐഎസ്എം ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടില്‍, ട്രഷറര്‍ അദീബ് പൂനൂര്‍, ഡോ. മുബശിര്‍ പാലത്ത്, റിഹാസ് പുലാമന്തോള്‍, സാബിക്ക് മാഞ്ഞാലി, ഡോ. റജുല്‍ ഷാനിസ്, നസീം മടവൂര്‍, ഡോ. യൂനുസ് ചെങ്ങര, മിറാഷ് അരക്കിണര്‍, ഡോ. ഷബീര്‍ ആലുക്കല്‍, ഷരീഫ് കോട്ടക്കല്‍, മുഹ്സിന്‍ തൃപ്പനച്ചി, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, അബൂബക്കര്‍ കാസര്‍ഗോഡ്, റഫീഖ് മേപ്പയ്യൂര്‍, മുഫ്‌ലിഹ് വയനാട്, ഇല്ല്യാസ് പാലത്ത്, ഹബീബ് നീരോല്‍പാലം, മുസ്ഫര്‍ മമ്പാട്, ഡോ. സാബിത്ത് പാലക്കാട്, മുഹ്‌സിന്‍ കൊടുങ്ങല്ലൂര്‍, നുനൂജ് ആലുവ, അലി അക്ബര്‍ ആലപ്പുഴ, സഅദ് കൊല്ലം എന്നിവര്‍ സംസാരിച്ചു.










