കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിച്ചു. ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് സംഭവം. സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന താമരശ്ശേരി ഡിപ്പോയിലെ ആർ എ കെ 245 നമ്പർ ബസിലാണ് എരഞ്ഞിപ്പാലത്ത് വെച്ച് തീ പടർന്നത്. സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബസിന്റെ സ്റ്റിയറിങ് ഭാഗത്ത് നിന്ന് പ്ലാസ്റ്റിക് കത്തുന്ന മണം ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവറുടെ നിർദ്ദേശ പ്രകാരം വനിതാ കണ്ടക്ടർ യാത്രക്കാരെ വളരെ വേഗം പുറത്തിറക്കി. അമ്പതോളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. തീ പടരുന്നതിന് മുമ്പേ തന്നെ ഡ്രൈവർ ഫയർ എക്സ്റ്റിഗ്യുഷർ ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തു. ബസ് എരഞ്ഞിപ്പാലം സിഗ്നലിൽ നിന്നതോടെ ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. തീയണച്ചശേഷം ട്രാഫിക് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ബസ് റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം നിയന്ത്രിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം.










