General

ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പ് കേസ്: വ്യാജനിയമന ഉത്തരവ് തയ്യാറാക്കാൻ സഹായം ലഭിച്ചതായി പൊലീസ്

Nano News

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാൻ ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങൾ ശ്രീതു പൊലീസിന് കൈമാറിയിട്ടുണ്ട്. കുറ്റകൃത്യത്തിൽ ശ്രീതു ഒറ്റക്കല്ലെന്നു നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.

വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം സഹായികളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോർഡിൽ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയ്യാറാക്കിയത്. പത്ത് പേരാണ് ശ്രീതുവിനെതിരെ പരാതി നൽകിയിരിക്കുന്നത്.

ദേവസ്വം സെക്ഷൻ ഓഫിസർ എന്ന പേരിലാണ് ശ്രീതു ഇത് തയ്യാറാക്കിയത്. ഒരു വർഷം മുമ്പ് ഷിജുവിന് ഉത്തരവ് കൈമാറിയിരുന്നു. 28000 രൂപ ശമ്പളം എന്നാണ് ഉത്തരവിൽ ഉള്ളത്. ശ്രീതുവിന്റെ ഓഫീഷ്യൽ ഡ്രൈവർ എന്നാണ് നിയമനത്തെക്കുറിച്ച് പറഞ്ഞത്. ദേവസ്വം ബോർഡ് ഓഫിസിന് മുന്നിൽ കാറുമായി എത്താനായിരുന്നു എപ്പോഴും നിർദേശിച്ചിരുന്നത്. അവിടെ വെച്ച് ശ്രീതു കാറിൽ കയറും. എന്നാൽ ഒരിക്കലും ഷിജുവിനെ ദേവസ്വം ഓഫിസിൽ കയറ്റിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതിനിടെ ശമ്പളത്തിൽ കുടിശിക വന്നു. അതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ ഒരുമിച്ചു നൽകി. പിന്നീട് കുഞ്ഞ് മരിച്ചപ്പോഴാണ് ഷിജുവിന് ഇതെല്ലാം തട്ടിപ്പാണെന്ന് മനസ്സിലായതെന്നും പൊലീസ് വെളിപ്പെടുത്തി. ശ്രീതുവിനെതിരെ പരാതിപ്പെട്ടവരിൽ ഭൂരിഭാ​ഗം പേരും രേഖാ മൂലം പരാതി നൽകിയിട്ടില്ല. നിയമനത്തിനായി ശ്രീതു 10 ലക്ഷം രൂപ വാങ്ങിയെന്നാണ് ഷിജുവിന്റെ മൊഴി.


Reporter
the authorReporter

Leave a Reply

error: Content is protected !!