GeneralPolitics

അന്‍വറിന്റെ വീടിന് സുരക്ഷ; ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു

Nano News

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ വീടിന് സുരക്ഷയൊരുക്കുന്നു. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു. പി.വി അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലിസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. നാല് പൊലിസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ സംഘത്തില്‍ ഉണ്ടാവുക. ഒരു എസ്.ഐയും മൂന്ന് സിവില്‍ പൊലിസ് ഉദ്യോഗസ്ഥരുമാണ് സംഘത്തില്‍.

കഴിഞ്ഞദിവസം നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കൈയും കാലും വെട്ടി ചാലിയാര്‍ പുഴയില്‍ എറിയുമെന്നായിരുന്നു മുദ്രാവാക്യം. സംഭവത്തില്‍ നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, കൊലവിളി മുദ്രാവാക്യത്തില്‍ പി.വി അന്‍വര്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ‘വയനാട് ദുരന്തത്തില്‍ ചാലിയാറില്‍ കുറെ കൈയും കാലും ഇനിയും കിട്ടാനുണ്ട്. എന്റെ കൈയും കാലും അതില്‍ ഒന്നാവട്ടെ’ എന്നായിരുന്നു പി.വി അന്‍വറിന്റെ മറുപടി.

മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകരുടെ മനസ്സ് തനിക്കൊപ്പമാണ്. പ്രകടനം നടത്താന്‍ അവര്‍ നിര്‍ബന്ധിതരായതാണ്. ഇന്നലെ വൈകീട്ട് പോലും തന്നോട് സംസാരിക്കുകയും ഒപ്പം ചായ കുടിക്കുകയും ചെയ്തവര്‍ ആ കൂട്ടത്തിലുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു.


Reporter
the authorReporter

Leave a Reply