പുനലൂർ:22026-ലെ ഇൻഡിവുഡ് എക്സലൻസ് അവാർഡുകളിൽ ‘എക്സലൻസ് ഇൻ കോ-ഓപ്പറേറ്റീവ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നേഷൻ ബിൽഡിങ്’ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. പുനലൂർ ഏരീസ് ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഏരീസ് ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ ഡോ. സർ സോഹൻ റോയിയിൽനിന്ന് സൊസൈറ്റി ഡയറക്ടർ കെ. ടി. രാജൻ പുരസ്കാരം ഏറ്റുവാങ്ങി.
ഷാർജ ആസ്ഥാനമായ ബഹുരാഷ്ട്ര വ്യവസായശൃംഖലയായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പ്രൊജക്റ്റ് ഇൻഡീവുഡ് നൽകുന്ന പ്രശസ്തമായ ‘ബിൽഡേഴ്സ് ആൻഡ് ആർക്കിടെക്റ്റ്സ് അവാർഡ്സ് – ഇൻഫ്രാ ഐക്കൺസ് കേരള ചാപ്റ്റർ 2026’ ആണ് ഇൻഡിവുഡ് എക്സലൻസ് അവാർഡുകൾ.
അടിസ്ഥാനസൗകര്യവികസനത്തിൽ തീർത്ത മികച്ച മാതൃകകൾ, ദേശീയപാതകളുടെയും സുസ്ഥിര എഞ്ചിനീയറിങ് പദ്ധതികളുടെയും വിജയകരമായ പൂർത്തീകരണം, സുതാര്യമായ ഭരണനിർവ്വഹണം, തൊഴിലാളികളുടെ ശാക്തീകരണത്തിനായുള്ള നിരന്തരമായ പരിശ്രമങ്ങൾ എന്നിവ മുൻനിർത്തിയാണ് അംഗീകാരം. സഹകരണ സ്ഥാപനം എന്ന നിലയിൽ സൊസൈറ്റിയുടെ നൂറ്റാണ്ടുകൾ നീളുന്ന പൈതൃകത്തെ ജൂറി പ്രത്യേകം പരാമർശിച്ചു.
ഈ അംഗീകാരം സൊസൈറ്റിയുടെ സ്ഥാപകൻ ഗുരു വാഗ്ഭടാനന്ദനും ഈ പ്രസ്ഥാനത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യവികസന സ്ഥാപനമാക്കിമാറ്റാൻ ജീവിതം സമർപ്പിച്ച മുൻതലമുറകളിലെ തൊഴിലാളികൾക്കുമായി ചടങ്ങിൽ സമർപ്പിച്ചു.
കപ്പൽ രൂപകല്പന, ഓഫ്ഷോർ എഞ്ചിനീയറിംഗ്, സമുദ്രഗവേഷണം എന്നീ മേഖലകളിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. യുഎഇ-യിലെ ഷാർജ ആസ്ഥാനമാക്കി 29 രാജ്യങ്ങളിലായി 80-ലധികം ഉപകമ്പനികളുമായി പ്രവർത്തിക്കുന്ന ഈ ബഹുരാഷ്ട്ര വ്യവസായശൃംഖലയ്ക്ക് മീഡിയ, ആരോഗ്യം എന്നീ മേഖലകളിലും ശക്തമായ സാന്നിധ്യമുണ്ട്.









