ഹോട്ടലില്‍ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലാണ് സംഭവം. മരിച്ച തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടില്ല.
മെഡിക്കല്‍ കോളജിന് സമീപത്തെ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്. ഇറങ്ങിയപ്പോള്‍ തന്നെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും രണ്ട് പേരെയും പുറത്തെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്തടി താഴ്ച്ചയുള്ള കുഴിയില്‍ രണ്ടടി വെള്ളം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം കോഴിക്കോട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവര്‍ മലയാളികളാണെന്നാണ് സൂചന.