Latest

ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍

Nano News

കോഴിക്കോട്:ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി. ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയുള്ള ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അപകടകരമായ സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

നിര്‍ത്തിയിടുന്ന ബോട്ടുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. ട്രോളിങ് നിരോധന സമയത്ത് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യും. ഹാര്‍ബറുകളുടെ ശുചീകരണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേക ശ്രദ്ധ വേണം. തൊഴിലാളികള്‍ ഇന്‍ഷുറന്‍സ് സ്‌കീമുകളില്‍ പങ്കാളികളാകണം. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗങ്ങള്‍ കൃത്യമായി ചേരാന്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.

ട്രോളിങ് നിരോധന കാലത്തേക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ് യോഗത്തില്‍ അറിയിച്ചു. കടല്‍ പട്രോളിങ്ങിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനത്തിനുമായി മെയ് 15 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം (ഫോണ്‍: 0495 2414074, 2992194, 9496007052) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ സുരക്ഷാ/പട്രോളിങ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ബോട്ടുകള്‍ വാടകക്കെടുക്കാന്‍ നടപടി സ്വീകരിച്ചു. ഇവ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി തീരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. റസ്‌ക്യൂ ഗാര്‍ഡുമാരെ നിയോഗിക്കുന്നതിനുള്ള ഇന്റര്‍വ്യൂ പൂര്‍ത്തിയായിട്ടുണ്ട്. ആധുനിക ആശയവിനിമയ സംവിധാനം ഘടിപ്പിച്ച മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് (ഫൈബര്‍ വള്ളം) ചോമ്പാല്‍ ബേസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മറ്റു വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.

എല്ലാ ഹാര്‍ബറുകളിലും രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ടും ആംബുലന്‍സ് സംവിധാനവും ഒരുക്കുക, പ്രവര്‍ത്തനരഹിതമായ സിഗ്‌നല്‍ സംവിധാനങ്ങള്‍ ശരിയാക്കുക, അപകടങ്ങളുണ്ടാകുമ്പോള്‍ അടിയന്തര ചികിത്സക്ക് സംവിധാനമൊരുക്കുക, സാമ്പത്തിക സഹായങ്ങള്‍ ഉടന്‍ അനുവദിക്കുക, രേഖയില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ മത്സ്യബന്ധനത്തിനെത്തുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു.

യോഗത്തില്‍ ഫിഷറീസ് അസി. ഡയറക്ടര്‍ വി സുനീര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply