കോഴിക്കോട്: അഷ്ടസേവകൾ സമർപ്പിച്ച അഷ്ടാവധാനസേവയോടെ ഏഴ് ദിനങ്ങൾ നീണ്ടുനിന്ന വേദസപ്താഹ-മുറജപത്തിന് ഒറ്റത്തെങ്ങ് വേദമഹാമന്ദിരത്തിൽ സമാപനം കുറിച്ചു. വേദം, ശാസ്ത്രം, പുരാണം, പഞ്ചാംഗം, സ്തോത്രം, ഗീതം, നൃത്തം, വാദ്യം എന്നിവയാണ് വേദനാരായണനായി സമർപ്പിച്ച എട്ടു സേവകൾ. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രമുഖ വേദപണ്ഡിതൻ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പതിനാലാമത് വേദസപ്താഹം -മുറജപം സംഘടിപ്പിച്ചത്. ജൂലൈ 17 മുതൽ 23 വരെയായിരുന്നു ചടങ്ങുകൾ.

മനുഷ്യന്റെ സർവ്വവിധമായ പുരോഗതിയും അഭിവൃദ്ധിയും കാർഷിക സമൃദ്ധിക്കും ലക്ഷ്യമിട്ടുള്ളതാണ് വേദസപ്താഹ മുറജപത്തിലെ ചടങ്ങുകൾ. ഏഴു ദിവസങ്ങളിലായി നടന്ന വേദസപ്താഹത്തിൽ മൃഗാരീഷ്ടി, സർവപൃഷ്‌ഠേഷ്ടി, അരുണ പ്രശ്‌നഹോമം, രുദ്രഹോമം തുടങ്ങിയ വൈദിക കർമങ്ങൾ നടന്നു. സമാപനത്തോടനുബന്ധിച്ച് കാശ്യപാശ്രമ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. കർണാടകയിൽ മത്തൂരിൽ നിന്നുള്ള വേദപണ്ഡിതരായ കേശവ് അവധാനി, ഡോ. സനത്കുമാർ സോമയാജി, സാവിത്രി, സാകേത് രാമ അവധാനി, മാധവ അവധാനി, ഭാനുപ്രകാശ് അവധാനി, നരസിംഹ അവധാനി, രാഘവേന്ദ്ര ഭട്ട്, രാമമൂർത്തി ശ്രൗതി, ഗോപാല അവധാനി, സന്ധാതാ അവധാനി എന്നിവരായിരുന്നു പുരോഹിതർ. കേശവ് അവധാനി, ഡോ. സനത്കുമാർ സോമയാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റിമാരായ വിവേക് ഡി. ഷേണായ്, പി.ടി. വിപിൻ ആര്യ, എം. മുരളീധരൻ വൈദിക്, ബാബുരാജ് വൈദിക്, വേദലക്ഷ്മി എം.ആർ, സി. സുരേഷ് വൈദിക്, വിദ്യാലക്ഷ്മി എം.ആർ, ഒ. ബാബുരാജ് വൈദിക്, പി. നിർമൽകുമാർ വൈദിക്, പി. ഹരിദാസൻ വൈദിക്, പി.കെ. നവീൻ ആര്യ തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.






