Latestpolice &crime

പാളയത്ത് കിടപ്പുമുറിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുക്കാൻ സാധിച്ചില്ല

Nano News

കോഴിക്കോട്: പാളയത്ത് കിടപ്പുമുറിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുക്കാൻ സാധിച്ചില്ല. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം കത്തി തൊട്ടടുത്ത കിണറ്റിൽ ഉപേക്ഷിച്ചെന്നായിരുന്നു പ്രതി ദീപക്കിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സിലെ മുങ്ങൽ വിദഗ്ധർ അര മണിക്കൂറിലേറെ കിണറ്റിലിറങ്ങി പരിശോധന നടത്തിയെങ്കിലും കത്തി കണ്ടെടുക്കാൻ കഴിഞ്ഞില്ല.

ഇന്നലെയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതി ദീപക്കിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിന് ശേഷം ശനിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് പാളയം പുതിയകോവിലകം പറമ്പ് ബിജു (38) കൊല്ലപ്പെട്ടത്. പ്രതി കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക് ബിജുവിന്റെ ബന്ധുവാണ്. ലഹരിക്കടിമയായ ദീപക്കിനെ ലഹരി വിമുക്ത ചികിത്സയ്ക്ക് നിർബന്ധിച്ചതിലുള്ള വൈരാഗ്യമാണ് ബിജുവിനെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് പ്രതിയുടെ മൊഴി.
19 ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയം ബസ് സ്റ്റാൻഡിന് പുറകിലുള്ള ഒറ്റമുറി വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പശുവിനെ കറക്കാൻ വേണ്ടി മകനെ വിളിക്കാനെത്തിയ അമ്മയാണ് കട്ടിലിന് മുകളിൽ രക്തത്തിൽ കുളിച്ച നിലയിൽ ബിജുവിനെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴുത്തിലും മറ്റുമുള്ള 48 ഓളം മുറിവുകളായിരുന്നു മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആദ്യഘട്ടത്തിൽ ലഹരി മാഫിയയുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം കൊലപാതക കാരണമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് കൊലപാതകം നടത്തിയത് ബന്ധുവായ ദീപക്കാണെന്ന് കണ്ടെത്തിയത്.


Reporter
the authorReporter

Leave a Reply

error: Content is protected !!