കോഴിക്കോട്:കോഴിക്കോട് മിഠായിത്തെരുവിനു സമീപം കിഡ്സൺ കോർണ്ണറിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിലാണ് രാവിലെ മുതൽ പൊളിച്ചുനീക്കൽ നടപടികളാരംഭിച്ചത്. താൽക്കാലിക നിർമാണത്തിന് പകരം സ്ഥിരം നിർമാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്.

പാർക്കിങ് പ്ലാസ നിർമാണത്തിനായി മലബാൻ മാൻഷൻ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ച വ്യാപാരികളാണ് കോർപ്പറേഷൻ്റെ അനുമതിയോടെ കിഡ്സൺ കോർണ്ണറിൽ കോംട്രസ്റ്റ് മതിലിനോട് ചേർന്ന റോഡരികിൽ കടമുറികൾ നിർമിച്ചത്. മൂന്ന് കടമുറികളാണുണ്ടായിരുന്നത്. ഇത് മൂന്നും പൊളിച്ച് നീക്കി.താൽക്കാലിക കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുടെ മറവിൽ കരാറുകാരൻ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്.ഇവ പൊളിച്ചുനീക്കിയതോടെ കരാറുകാരന് പണം നൽകിയ വ്യാപാരികളാണ് വഴിയാധാരമായത്. നേരത്തെ ഈ നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്ന് കലക്ടർ ഉത്തരവിട്ടിരുന്നു.കഴിഞ്ഞ ഡിസംബർ 28 ഓടെ പഴയ കെട്ടിടത്തിൽ നിന്നും വ്യാപാരികൾ മാറണമെന്ന ഉത്തരവ് ഉണ്ടായിരുന്നു.