Wednesday, July 17, 2024
BusinessLatest

മലബാര്‍ മില്‍മയുടെ പുതിയ ഹൈടെക് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്റ് സ്ഥാനപതി ഡോ. റാള്‍ഫ് ഹെക്‌ണെര്‍ നിര്‍വഹിച്ചു


കോഴിക്കോട്: കേരളത്തിലെ ക്ഷീര മേഖലയില്‍ ധവള വിപ്ലവം സൃഷ്ടിച്ച  ‘ ഉത്തര കേരള ക്ഷീര പദ്ധതി’യുടെ  35-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്്ഘാടനവും മലബാര്‍ മില്‍മയുടെ പുതിയ ഹൈടെക് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്റ് സ്ഥാനപതി ഡോ. റാള്‍ഫ് ഹെക്‌ണെര്‍ നിര്‍വഹിച്ചു.
വികസന രംഗത്തെ സഹകരണ മാതൃക ലക്ഷ്യം കൈവരിക്കണമെങ്കില്‍ സാമ്പത്തിക സഹായം കൊണ്ടു മാത്രം കാര്യമില്ല. അത് തങ്ങള്‍ക്ക് കൂടി ആവശ്യമാണെന്ന ബോധത്തില്‍ അധിഷ്ഠിതമായ കൂട്ടായ പ്രവര്‍ത്തനം കൂടി വേണമെന്ന് റാള്‍ഫ് ഹെക്‌ണെര്‍ പറഞ്ഞു. ഇന്തോ – സ്വിസ് പ്രൊജക്ടിന്റെയും  ഉത്തര കേരള ക്ഷീര പദ്ധതിയുടെയും വിജയം ഇത്തരം കൂട്ടായമയുടേതാണ്.
 മൃഗ സംരക്ഷണ – ക്ഷീര വികസന മേഖലയില്‍ വിജയം കൈവരിച്ച ഈ കേരള മാതൃക തങ്ങള്‍ പിന്നീട് പഞ്ചാബിലേക്കും  ആന്ധ്ര പ്രദേശിലേക്കും രാജസ്ഥാനിലേക്കും സിക്കിമിലേക്കും, ഒഡീഷയിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. ദേശീയ പ്രതിഫലനത്തില്‍ മാത്രം ഒതുങ്ങുന്നില്ല ഈ കേരള മോഡല്‍. കേരളത്തില്‍ നിന്നുള്ള ഈ വിജയത്തിന്റെ സ്വിസ് അനുഭവം വികസന രാജ്യങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, ടാന്‍സാനിയ, കിര്‍ഖിസ്ഥാന്‍ എന്നീ സ്ഥലങ്ങളിലേക്കും പകര്‍ന്ന് നടപ്പാക്കിയിട്ടുണ്ടെന്നും ഹെക്‌ണെര്‍ പറഞ്ഞു.
 കേരളത്തില്‍ മൃഗ സംരക്ഷണവും ചികിത്സയും  കുറ്റമറ്റതാക്കുന്നതിനായി മൊബൈല്‍ ചികിത്സാ സംവിധാനവും ആംബുലന്‍സ് സേവനവും ലഭ്യമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച  മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരളത്തില്‍ 30 ലക്ഷം പശുക്കളാണുള്ളത്. ഒരു ലക്ഷം പശുക്കള്‍ക്ക് ഒരു ആംബുലന്‍സ് എന്ന രീതിയില്‍ ആദ്യ ഘട്ടമായി 29 ആംബുലന്‍സുകള്‍ ഉടന്‍ പുറത്തിറക്കും. പശുക്കളെ പൊക്കിയെടുത്ത് കൊണ്ടു വരാനുള്ള  ക്രെയിന്‍ ഉള്‍പ്പെടെയുള്ള  ടെലി വെറ്ററിനറി യൂണിറ്റും ഒരുക്കും. മനുഷ്യര്‍ക്കെന്ന പോലെ മൃഗങ്ങള്‍ക്കും യഥാസമയം ചികിത്സയും അതിനായുള്ള സൗകര്യങ്ങളും ഉറപ്പാക്കുമെന്നും വെറ്ററിനറി വാക്‌സിനുകള്‍ നിര്‍മ്മിക്കാനുള്ള ലാബുകള്‍ കേരളത്തില്‍ സ്ഥാപിക്കുമെന്നും  മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വേണു രാജാമണി (  ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എക്‌സ്റ്റേണല്‍ കോ – ഓപ്പറേഷന്‍ -കേരള സര്‍ക്കാര്‍) ആമുഖ പ്രഭാഷണം നടത്തി. ഏറ്റവും മികച്ച ബള്‍ക്ക് കൂളര്‍ സംഘത്തിനുള്ള സമ്മാനദാനം വേണു രാജാമണിയും, മികച്ച ഗുണനിലവാരമുള്ള പാല്‍ നല്‍കിയ സംഘത്തിനുള്ള സമ്മാനം  തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും  ഏറ്റവും കൂടുതല്‍ മില്‍മ ഉത്പ്പന്നങ്ങള്‍ വിപണനംനടത്തിയ സംഘത്തിനുള്ള സമ്മാനം പി.ടി.എ റഹീം എംഎല്‍എയും നല്‍കി. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി സ്വാഗതവും മാനെജിംഗ് ഡയറക്ടര്‍ ഡോ. പി.മുരളി നന്ദിയും പറഞ്ഞു.
മലബാര്‍ മില്‍മയുടെ പെരിങ്ങളത്തെ ആസ്ഥാന മന്ദിരവും മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ട് സ്ഥാപിക്കുന്ന പാല്‍പ്പൊടി നിര്‍മാണ കേന്ദ്രവും സ്വിസ് സ്ഥാനപതി റാള്‍ഫ് ഹെക്‌ണെര്‍  സന്ദര്‍ശിച്ചു. ഭാര്യ ഹിലേരിയയും ഒപ്പമുണ്ടായിരുന്നു.

Reporter
the authorReporter

Leave a Reply