LatestPolitics

സിപിഐ ജില്ലാ സംഘടനാ ക്യാമ്പിന് ശനിയാഴ്ച പെരിങ്ങളത്ത് തുടക്കമാകും

Nano News

കോഴിക്കോട്: സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി കുന്ദമംഗലം മണ്ഡലത്തിലെ പെരിങ്ങളത്ത് നടക്കുന്ന ജില്ലാ സംഘടനാ ക്യാമ്പിന് 4 ന് ശനിയാഴ്ച തുടക്കമാവും. രാവിലെ പത്തിന് മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷൻ (എംആർഡിഎഫ്) ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ചൂലൂർ നാരായണൻ അധ്യക്ഷത വഹിക്കും. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി വി ബാലൻ പതാക ഉയർത്തും. സംസ്ഥാന എക്സി. അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ ബാലൻ മാസ്റ്റർ, ടി കെ രാജൻ മാസ്റ്റർ, ഇ കെ വിജയൻ തുടങ്ങിയവർ സംസാരിക്കും. ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് സംഘടനാ രേഖ അവതരണം നടത്തും. ജനറൽ കൺവീനർ എം ബാലസുബ്രഹ്മണ്യൻ സ്വാഗതം പറയും. തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടി എന്ത്, എന്തിന് എന്ന വിഷയത്തിൽ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ കെ ജി ശിവാനന്ദനും പാർട്ടി പരിപാടി എന്ന വിഷയത്തിൽ സംസ്ഥാന കൗൺസിൽ അംഗം ടി കെ സുധീഷും ക്ലാസെടുക്കും. തുടർന്നു സംഘടനാ ചർച്ച നടക്കും.

ഞായറാഴ്ച രാവിലെ 9.30ന് മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തിയും ഫാസിസത്തിനെതിരായ പ്രതിരോധവും എന്ന വിഷയത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടിയും സോഷ്യൽ മീഡിയ ഇടപെടലുകൾ പാർട്ടി സംഘടനയിൽ; പ്രായോഗികവും സാങ്കേതികവുമായ സമീപനങ്ങൾ എന്ന വിഷയത്തിൽ ബേബി കാസ്ട്രോ, ദിനേശ് രഘുനാഥ് എന്നിവരും ക്ലാസെടുക്കും. ഉച്ചയ്ക്ക് രണ്ടിന് പാർട്ടിയുടെ ദേശീയ പ്രക്ഷോഭവും അനുബന്ധ പരിപാടികളും എന്ന വിഷയത്തിൽ സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പ്രഭാഷണം നടത്തും. വൈകീട്ട് നാലിന് ക്യാമ്പ് സമാപിക്കും. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമകാലിക രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വരും കാല പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പാർട്ടി ജില്ലാ കൗൺസിൽ അംഗങ്ങളും മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളും ക്യാമ്പിൽ പങ്കെടുക്കും. പാർട്ടിയുടെ ആശയപരവും സഘടനാപരവുമായ വിഷയങ്ങൾ സംബന്ധിച്ച ക്ലാസുകൾ, ചർച്ചകൾ, ഗ്രൂപ്പ് സംവാദങ്ങൾ എന്നിവ ക്യാമ്പിലുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ചെയർമാൻ ചൂലൂർ നാരായണൻ ജനറൽ കൺവീനർ എം ബാലസുബ്രഹ്മണ്യൻ എന്നിവർ അറിയിച്ചു


Reporter
the authorReporter

Leave a Reply

error: Content is protected !!