EducationLatest

പതിവ് തെറ്റിച്ചില്ല; കുരുന്നുകൾക്ക് വർണക്കുടകൾ സമ്മാനിച്ച് എംഎസ്എസ് സ്കൂൾ വിദ്യാർത്ഥികൾ

Nano News

കോഴിക്കോട്: പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും സ്വന്തമായി നിർമിച്ച വർണക്കുടകളുടെ സമ്മാനപ്പെട്ടിയുമായി മാവിളിക്കടവ് എംഎസ്എസ് സ്കൂൾ വിദ്യാർത്ഥികൾ ബൈരായിക്കുളം ഗവ. എൽ പി സ്കൂളിലെത്തി. തങ്ങളുടെ സ്നേഹസമ്മാനം നേരിട്ടെത്തി തങ്ങളുടെ കുഞ്ഞനിയൻമാരുടെയും അനിയത്തിമാരുടെയും കൈകളിലേൽപ്പിച്ചാണ് അവർ മടങ്ങിയത്. ബൈരായിക്കുളം സ്കൂളിൽ പഠിക്കുന്ന നാല്പതോളം കുട്ടികളിൽ രണ്ടു പേർ മാത്രമാണ് മലയാളികൾ. മറ്റു കുട്ടികളെല്ലാം നഗരത്തിൽ വിവിധ ജോലികൾ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. കഴിഞ്ഞ എട്ട് കൊല്ലമായി ഈ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കുടകൾ സമ്മാനമായി നൽകുന്നത് മാവിളിക്കടവിലെ കുട്ടികളാണ്. കോവിഡ് കാലത്താണ് മാത്രമാണ് ഈ സമ്മാനദാനം മുടങ്ങിയത്. സ്കൂളിലെ ക്രാഫ്റ്റ് അധ്യാപിക കെ ബി രോഷിതയുടെ നേതൃത്വത്തിൽ കുട നിർമാണത്തിൽ പരിശീലനം നേടിയ കുട്ടികൾ നിർമ്മിച്ച കുടകളാണ് ഓരോ വർഷവും വിതരണം ചെയ്യുന്നത്. സ്കൂളിൽ ഹാജരായ മുപ്പത് കുട്ടികളും പൂർവ വിദ്യാർത്ഥികളും സമ്മാനങ്ങൾ ഏറ്റുവാങ്ങി. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സാറ ജാഫർ സ്കൂൾ ഹെഡ് മിസ്ട്രസ് കെ പി ദീപ്തി അധ്യക്ഷത വഹിച്ചു. എം എസ് എസ് സ്കൂൾ സെക്രട്ടറി എ പി കുഞ്ഞാമു, പ്രിൻസിപ്പൽ ബി പി സിന്ധു, കമ്മിറ്റിയംഗം എം സി മാമു മാസ്റ്റർ, എസ് എം സി കൺവീനർ ഒ ശേഖർ, അധ്യാപകരായ ജിയോ ജയ്സൺ, ജി എസ് രമ്യ, ഇ ടി ആതിര എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ കൊല്ലം തോറും ചാരിറ്റി പ്രോജക്ടുകളിലൂടെ സമാഹരിക്കുന്ന പണം കൊണ്ടാണ് കുട നിർമാണത്തിനുള്ള ചെലവുകൾ വഹിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ക്രാഫ്റ്റ് കോർഡിനേറ്റർ കെ ബി രോഷിത പരിശീലനം നൽകും. ഇങ്ങനെ നിർമിച്ച കുടകളാണ് കുട്ടികൾ തന്നെ നേരിട്ട് ഇതര സംസ്ഥാനക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂളിലെത്തി സമ്മാനിച്ചത്.


Reporter
the authorReporter

Leave a Reply

error: Content is protected !!