കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസന പ്രതിസന്ധിക്കു കാരണം സംസ്ഥാന സർക്കാരിൻറെ അനാസ്ഥയാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ.റെസ(റൺവെ എൻഡ് സേഫ്റ്റി ഏരിയ)വികസനത്തിന് അടിയന്തരമായി സ്ഥലം നൽകിയില്ലെങ്കിൽ അത് റൺവേയിൽനിന്ന് എടുക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിക്കയച്ച കത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു.പതിനാലര ഏക്കർ ഭൂമിയാണ് റെസയ്ക്കായി വേണ്ടത്.ഇത് ഏറ്റെടുത്ത് നൽകുന്നില്ലെങ്കിൽ റൺവേയിൽ നിന്ന് എടുക്കും.റൺവേയുടെ നീളംകുറച്ചാൽ പിന്നെ വലിയവിമാനങ്ങളൊന്നും ഇവിടേക്ക് വരില്ല.മൊത്തം നൂറിലധികം ഏക്കർ ഭൂമി കോഴിക്കോട് വിമാനത്താവള വികസനത്തിനായി ആവശ്യമുണ്ടെങ്കിലും അടിയന്തിരമായി സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ട് താത്കാലിക പ്രതിസന്ധിക്ക് നിശ്ചിത സമയത്തിനകം പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ അതോടെ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം എന്നന്നേക്കുമായി മുരടിക്കുമെന്നും സജീവൻ കൂട്ടിച്ചേർത്തു.