കോഴിക്കോട് :പുവർ ഹോംസ് സൊസൈറ്റി കഴിഞ്ഞ ഒമ്പത് പതിറ്റാണ്ട് കാലമായി നടത്തി വരുന്ന സ്‌തുത്യർഹമായ സേവനം മഹനീയമാണെന്നും വാർദ്ധക്യത്തെ ആഘോഷമാക്കണമെന്നും മനുഷ്യ മനസ്സിൽ മാനവികതയും പരസ്‌പര സ്‌നേഹവും സഹവർത്തിത്വവും വളർത്താൻ സാമൂഹ്യ ഓണാഘോഷങ്ങൾ കൊണ്ട് സാധിക്കണമെന്നും പുവർ ഹോംസ് സൊസൈറ്റി അഭയ മന്ദിരത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ കോഴിക്കോട് കോർപ്പറേഷൻ്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കോഴിക്കോട് കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ പറഞ്ഞു.

പുവർ ഹോംസ് സൊസൈറ്റി വെസ്റ്റ്ഹിൽ അഭയമന്ദിരത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൊസൈറ്റി പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ലൈല ബൈജു മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി . അനിൽ ഓണ സന്ദേശം നൽകി. സൊസൈറ്റി സെക്രട്ടറി സുധീഷ് കേശവപുരി , വൈസ് പ്രസിഡൻ്റ് അഡ്വ. എം രാജൻ, സ്വരമഞ്ജരി ഭാരവാഹികളായ നൗഷാദ് കോഴിക്കോട്, സുരേഷ് കുമാർ, സൂപ്രണ്ട് റീജാബായി , സി . മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
മെഗാ പൂക്കളം, മാവേലിയെ വരവേൽക്കൽ, ജീവനക്കാരുടെയും താമസക്കാരുടെയും തിരുവാതിര കളി , ഒപ്പന , വിവിധ ഓണക്കളികൾ, സ്വരമഞ്ജരി കോഴിക്കോടിൻ്റെ ഗാനമേള എന്നിവ അരങ്ങേറി.
പുവർ ഹോംസ് സൊസൈറ്റി അഭ്യുദയകാംക്ഷികളും പരിസര വാസികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ ഓണാഘോഷ പരിപാടിയിൽ സംബന്ധിച്ചു.










