Cinema

‘ഇനി ചെയ്യുക പ്രായത്തിന് ഒത്ത റോളുകള്‍’: ഷാരൂഖ് ഖാന്‍


മുംബൈ: ഡങ്കി എന്ന രാജ് കുമാര്‍ ഹിരാനി ചിത്രത്തിന് ശേഷം പുതിയ സിനിമകളൊന്നും ഷാരൂഖ് ഖാന്‍ ചെയ്തിട്ടില്ല. ചില പ്രൊജക്ടുകള്‍ സംബന്ധിച്ച് വാര്‍ത്തയുണ്ടെങ്കിലും ഔദ്യോഗികമായി ഇത് സംബന്ധിച്ച വാര്‍ത്തകളൊന്നും വന്നിട്ടില്ല. അതേ സമയം കഴിഞ്ഞ ദിവസമാണ് 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡായ കരിയർ ലെപ്പാർഡ് നൽകി ആദരിച്ചത്.

തുടര്‍ന്ന് ലൊകാർനോ ഫിലിം ഫെസ്റ്റിവലിന്‍റെ ഡയറക്ടറായ ജിയോണ എ ​​നസാരോയുമായി നടത്തിയ സംഭാഷണത്തിനിടെ ഷാരൂഖ് തന്‍റെ ഭാവി പ്രൊജക്ടുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തി. തന്‍റെ അടുത്ത ചിത്രം കിംഗ് ആയിരിക്കുമെന്നും. അതിനുള്ള തയ്യാറെടുപ്പും ചലച്ചിത്ര സംവിധായകന്‍ സുജോയ് ഘോഷുമായുള്ള സഹകരണത്തെക്കുറിച്ചും ഷാരൂഖ് തുറന്നു പറഞ്ഞു.

“എനിക്ക് ചില പ്രത്യേക സിനിമകള്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ട്. അത് പ്രായകേന്ദ്രീകൃതമായിരിക്കാം, പക്ഷെ അവയും പരീക്ഷിക്കാൻ ആഗ്രഹമുണ്ട്. 6-7 വർഷമായി, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയാണ്. ഒരു ദിവസം ഞങ്ങൾ ഇരിക്കുമ്പോൾ ഞാൻ സുജോയിയോട് അത് പറഞ്ഞു. അദ്ദേഹം ഞങ്ങളുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അവൻ ഞങ്ങൾക്കായി ചില സിനിമകൾ ചെയ്തിട്ടുണ്ട്. സർ എന്‍റെ കൈയ്യില്‍ ഒരു സബ്ജക്ട് ഉണ്ടെന്ന് പറഞ്ഞു” – സുജയ് ഘോഷിന്‍റെ ചിത്രം ചെയ്യുന്നുണ്ടെന്ന് ഇതോടെ ഷാരൂഖ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്.

ഞാന്‍ അടുത്തതായി കിംഗ് എന്ന ചിത്രം ചെയ്യുകയാണെന്നും. അതിനായി കുറച്ച് ഭാരം കുറയ്ക്കേണ്ടതുണ്ടെന്നും. അതാണ് താന്‍ ഒരു ഇടവേള എടുത്തതെന്നും ഷാരൂഖ് പറഞ്ഞു. ഇതോടെ കിംഗ് എന്ന ചിത്രമാണ് ഷാരൂഖിന്‍റെ അടുത്ത ചിത്രം എന്ന് വെളിപ്പെട്ടിരിക്കുകയാണ്.
ഷാരൂഖിൻ്റെ മകളും നടിയുമായ സുഹാന ഖാനും കിംഗ് എന്ന ചിത്രത്തിൽ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പ്രദർശിപ്പിച്ച സോയ അക്തറിന്‍റെ ദി ആർച്ചീസിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച സുഹാനയുടെ ആദ്യത്തെ ചലച്ചിത്രമായിരിക്കും ഇത്. അഭിഷേക് ബച്ചന്‍ ഈ ചിത്രത്തില്‍ വില്ലനായി എത്തും എന്നാണ് വിവരം


Reporter
the authorReporter

Leave a Reply