മുക്കം: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആറ് പകൽ ദൂരം മാത്രം ബാക്കി നിൽക്കെ ആവേശത്തിരയിളക്കത്തിൽ ഗ്രാമങ്ങൾ. അർജൻ്റീനയുടേയും ബ്രസീലിൻ്റെയും പേർച്ചുഗലിൻ്റെയുമെല്ലാം ഫ്ലക്സുകളും മെസിയുടേയും നെയ്മറിൻ്റെയും റൊണാൾഡോയുടേയുമെല്ലാം കട്ടൗട്ടുകളും നാട് കീഴടക്കുമ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്ഥരാവുകയാണ് കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റിക്കാർ. ഫുട്ബോൾ പെരുമ കൊണ്ട് നേരത്തെ തന്നെ അറിയപ്പെടുന്ന ഈ കൊച്ചുഗ്രാമം ഇപ്പോൾ ഖത്തറിൻ്റെയും സഊദി അറേബ്യയുടേയും ആഫ്രിക്കയിലെ കൊച്ചു രാജ്യമായ സെനഗലിൻ്റേയും കൂറ്റൻ ഫ്ലക്സുകൾ സ്ഥാപിച്ചാണ് ശ്രദ്ധേയമാകുന്നത്. പ്രവാസകാലത്ത് തങ്ങൾക്ക് തണലേകിയ സഊദി അറേബ്യയുടെയും ഖത്തറിന്റെയും കൂറ്റൻ ബാനറുകളാണ് ഇവർ സ്ഥാപിച്ചിരിക്കുന്നത്. 25 മീറ്റർ വീതിയിൽ സഊദിയുടേതും 20 മീറ്റർ വീതിയിൽ ഖത്തറിൻ്റെയും ബാനറുകളാണ് സ്ഥാപിച്ചത്. പത്തും ഇരുപതും വർഷങ്ങൾക്ക് മുമ്പ് പ്രവാസം അവസാനിപ്പിച്ച കാരകുറ്റിയിലെ കൂട്ടായ്മകളാണ് ബാനറുകൾ ഒരുക്കിയത്. പ്ലാസ്റ്റിക്കിന് പകരം തുണിശീലയാണ് നൂറിലധികം അംഗങ്ങളുള്ള കൂട്ടായ്മകൾ ബാനറിനായി ഉപയോഗിച്ചത്. ‘മറക്കിലൊരിക്കലും നിങ്ങളെ’ എന്ന തലവാചകത്തോടെ സഊദി ഫുട്‌ബോൾ ടീമിനും ‘അത് സംഭവിക്കുന്നത് വരെ അത് അസാധ്യമാണെന്ന് തോന്നുന്നു’ എന്ന തലവാചകത്തോടെ ആതിഥേയ നാടിന് അഭിവാദ്യവുമായി തൊട്ടടുത്ത് തന്നെ ഖത്തർ പ്രവാസി കൂട്ടായ്മയും ബാനറുകൾ സ്ഥാപിക്കുകയായിരുന്നു. അങ്ങാടികളിൽ ബിരിയാണി വിളമ്പിയും കലാപരിപാടികൾ നടത്തിയും ഖത്തറിനോടുള ഐക്യദാർഢ്യവും കൂട്ടായ്‌മ പ്രകടിപ്പിക്കുന്നു. ലഹരിയെ തകർക്കാൻ ലോകകപ്പ് ഫുട്‌ബോൾ ലഹരിയാക്കാൻ യുവാക്കളോടപ്പം ഇറങ്ങി തിരിച്ചിരിക്കുകയാണ് അറുപതും അൻപതും പ്രായം പിന്നിട്ട കാരക്കുറ്റിയിലെ മുൻകാല പ്രവാസികൾ.