നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കും പേപ്പർ ചോർച്ച ആരോപണങ്ങൾക്കും പിന്നാലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ).പരീക്ഷാ നടത്തിപ്പിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ഹൈടെക് തട്ടിപ്പുകൾ തടയുന്നതിനുമായി സൈബർ സുരക്ഷ, ഫോറൻസിക്സ്, പരീക്ഷാ കേന്ദ്രങ്ങളുടെ മേൽനോട്ടം എന്നിവയിൽ നിർണായക പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഏജൻസി തീരുമാനിച്ചു.സുരക്ഷാ പരിഷ്കാരങ്ങളുടെ ഭാഗമായി സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഡിജിറ്റൽ ഫോറൻസിക്സ് എന്നീ പ്രധാന മേഖലകളിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കും. പേപ്പർ ചോർച്ച, ആൾമാറാട്ടം, സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷാ തട്ടിപ്പുകൾ തുടങ്ങിയവ തടയുകയും കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന ചുമതല.പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ സി ബി ഐ, ഇന്റലിജൻസ് ബ്യൂറോ (ഐ ബി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി), വിവിധ സംസ്ഥാന പൊലീസുകൾ എന്നിവയുമായി എൻ ടി എ അടുത്ത സഹകരണത്തിലാകും പ്രവർത്തിക്കുക. സംയുക്ത സുരക്ഷാ പരിശോധനകളും ഏകോപിത അന്വേഷണ സംവിധാനവും ഇതിനായി ഒരുക്കും.അതോടൊപ്പം, ഡിജിറ്റൽ ഫോറൻസിക്സ് സംവിധാനവും കൂടുതൽ ശക്തിപ്പെടുത്തും. ഓൺലൈൻ ആശയവിനിമയം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം, സൈബർ തട്ടിപ്പുകൾ എന്നിവ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനാണ് തീരുമാനം.2026-ലെ നീറ്റ് യു ജി പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന പേപ്പർ ചോർച്ച വിവാദങ്ങളും പരീക്ഷാ നടത്തിപ്പിനെതിരായ വിമർശനങ്ങളും വിലയിരുത്തിയ ശേഷമാണ് എൻ ടി എ സുരക്ഷാ സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരുന്നത്. പുതിയ നടപടികൾ പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും കൂടുതൽ ഉറപ്പാക്കുമെന്നാണ് ഏജൻസിയുടെ പ്രതീക്ഷ.










