കോഴിക്കോട് : സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നിസ്തുലമായ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ സംഘടനയായ മാസ് മീഡിയാ ട്രസ്റ്റിന്റെ ആറാം വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ പ്രഗത്ഭമതികൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.അര നൂറ്റാണ്ടു കാലത്തെ പത്രപ്രവർത്തന രംഗത്തെ സേവനം പരിഗണിച്ച് ഡോ. എം. പി. പത്മനാഭൻ, പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച് പ്രമുഖ പ്രവാസി എഴുത്തുകാരൻ ആറ്റക്കോയ പള്ളിക്കണ്ടി, സാഹസികമായ ഹിമാലയൻ യാത്രകളും യാത്രാവിവരണ ഗ്രന്ഥങ്ങളും വിലയിരുത്തി ആചാര്യ സുരേഷ് യോഗി, മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രാദേശിക പത്രപ്രവർത്തന രംഗത്തെ സേവനം കണക്കിലെടുത്ത് കരുണൻ വൈകുണ്ഠം, മനുഷ്യാവകാശ പ്രവർത്തന രംഗത്ത് നിരവധി ബഹുമതികളും അംഗീകാരങ്ങളും നേടിയ കെ. ടി. അരവിന്ദാക്ഷൻ, ദൃശ്യമാധ്യമ രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് രാഹുൽ മക്കട എന്നിവർക്കാണ് പുരസ്കാരങ്ങൾ.

മാസ് മീഡിയാ ട്രസ്റ്റിന്റെ ശില്പവും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്കാരങ്ങൾ സെപ്തംബർ 30 ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുൻ ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള പുരസ്കാര ജേതാക്കൾക്ക് സമർപ്പിക്കും.തുടർന്ന് ‘ AI കാലത്തെ മാധ്യമ പ്രവർത്തനം’ എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എഫ്. ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടക്കും. അവാർഡ് ജൂറി കമ്മറ്റി അംഗങ്ങളായ ശ്രീ.കെ.എഫ്. ജോർജ്, ശ്രീ വേണു താമരശ്ശേരി,ട്രസ്റ്റ് ചെയർമാൻ രാമകൃഷ്ണൻ തിരുവാലിൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.










