BusinessLatest

മലബാര്‍ മില്‍മ കേരള ബാങ്ക് ചെയര്‍മാന് സ്വീകരണം നല്‍കി

Nano News

കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ കേരളാ ബാങ്ക് ചെയര്‍മാന്‍ പി.മോഹനന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി. എംആര്‍ഡിഎഫ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷത വഹിച്ചു.
ക്ഷീര കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങുന്നതിനായി സുതാര്യമായ വ്യവസ്ഥകളോടെയുള്ള ക്ഷീരമിത്ര വായ്പാ പദ്ധതി ഫലപ്രദമായെന്നും അതുവഴി കേരളത്തിലെ ക്ഷീരോത്പാദനത്തില്‍ വര്‍ദ്ധനവുണ്ടായെന്നും കെ.എസ് മണി പറഞ്ഞു. ആഭ്യന്തര വിപണിക്കൊപ്പം വിദേശ വിപണിയിലും മില്‍മ ഉത്പ്പന്നങ്ങള്‍ മികച്ച പ്രതികരണമുണ്ടാക്കുന്നുണ്ട്. ഒന്നര ടണ്‍ മില്‍മ പനീറാണ് കഴിഞ്ഞ മാസം ഗള്‍ഫിലേക്ക് കയറ്റി അയച്ചത്. മലപ്പുറത്ത് ആരംഭിച്ച മില്‍മ പാല്‍പ്പൊടി ഫാക്ടറിയില്‍ നിര്‍മ്മിച്ച ഒന്നര ടണ്‍ മില്‍മ ഡെയറി വൈറ്റ്‌നര്‍ ലുലു ഗ്രൂപ്പിനായും ഗള്‍ഫിലേക്ക് അയച്ചു. പാലുത്പാദനം വര്‍ദ്ധിപ്പിച്ച് മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതില്‍ മില്‍മ ശക്തമായി മുന്നോട്ടു പോകുന്നുണ്ടെന്ന് കെ.എസ് മണി പറഞ്ഞു.

ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മോഹനന്‍ മാസ്റ്ററെ പൊന്നാടയണിയിച്ചു. മില്‍മയുടെ സ്‌നേഹോപഹാരം മില്‍മ ഡയറക്ടര്‍മാരായ പി.ശ്രീനിവാസന്‍, നാരായണന്‍ പി.പി. എന്നിവരും എംആര്‍ഡിഎഫിന്റെ ഉപഹാരം കെ.ബിന്ദുവും സമ്മാനിച്ചു. മില്‍മയുമായി ചര്‍ച്ച നടത്തി ക്ഷീര കര്‍ഷരുടെ ക്ഷേമത്തിനും കേരളത്തിലെ പാലുത്പാദന വര്‍ദ്ധനവിനുമായി കേരളാ ബാങ്ക് നിലവിലെ വായ്പാ പദ്ധതികള്‍ വിപുലീകരിക്കുകയും പുതിയ വായ്പാ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുമെന്ന് മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

ചടങ്ങില്‍ മില്‍മ ഡയറക്ടര്‍മാരായ പി.ശ്രീനിവാസന്‍, നാരായണന്‍ പി.പി, ബിന്ദു.കെ എന്നിവര്‍ സംസാരിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ് സ്വാഗതവും മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എംആര്‍ഡിഎഫ്) സിഇഒ ജോര്‍ജ്ജ് കുട്ടി ജേക്കബ് നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply