Latest

രമേശൻ പാലേരിയെ അനുസ്മരിച്ച് കോഴിക്കോട് പൗരാവലി

Nano News

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയെ കോഴിക്കോട് പൗരാവലി അനുസ്മരിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ലോകമെമ്പാടും ഉയർത്തിക്കൊണ്ടുവന്ന സമർപ്പിത ജീവിതമായിരുന്നു ഊരാളുങ്കൽ സൊസൈറ്റി ചെയർമാനായിരുന്ന രമേശൻ പാലേരിയെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ച് മേയർ ഒ സദാശിവൻ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കി, ആയിരക്കണക്കായ തൊഴിലാളികൾക്കൊപ്പം തോളോട് തോൾ ചേർന്ന് നടന്നതാണ് രമേശൻ പാലേരിയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തിയതെന്നും മേയർ കൂട്ടിച്ചേർത്തു.

കേരളത്തിന്റെ പശ്ചാത്തല മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുന്നതിൽ രമേശൻ പാലേരിയും ഊരാളുങ്കൽ സൊസൈറ്റിയും വഹിച്ച പങ്ക് മഹത്തരമാണെന്ന് അഡ്വ. പി എ മുഹമ്മദ് റിയാസ് എംഎൽഎ പറഞ്ഞു. രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിത്വമായിട്ടും അദ്ദേഹത്തിന്റെ സംസ്കാര വേളയിൽ സംസ്ഥാനത്തെ മന്ത്രിമാരൊന്നും എത്താതിരുന്നത് അനൗചിത്യമായിപ്പോയെന്ന് മുഹമ്മദ് റിയാസ് വിമർശനമുന്നയിച്ചു. ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് രമേശൻ പാലേരി നൽകിയ സംഭാവനകൾ കേരളം എന്നും ആദരവോടെ ഓർക്കുമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി വി ബാലൻ പറഞ്ഞു. കേരള ബാങ്ക് ചെയർമാൻ പി മോഹനൻ, കെ പ്രവീൺ കുമാർ എംഎൽഎ, ഡെപ്യൂട്ടി മേയർ എസ് ജയശ്രീ, സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, തോട്ടത്തിൽ രവീന്ദ്രൻ, എ പ്രദീപ് കുമാർ, പി വി ചന്ദ്രൻ, മുക്കം മുഹമ്മദ്, ബീന ഫിലിപ്പ്, എം കെ ഭാസ്ക്കരൻ, കെ പി പ്രകാശ് ബാബു, സി ഇ ചാക്കുണ്ണി, ഇ പി മുഹമ്മദ്, ഷീജ യു, ടി ടി ഷിജിൻ, യു അബ്ദുറഹ്‌മാൻ സംസാരിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!