LatestPolitics

ഐ എന്‍ എല്‍ സംസ്ഥാന സമ്മേളനം ഈ മാസം 28 മുതല്‍

Nano News

കോഴിക്കോട്: ഐ എന്‍ എല്‍ സംസ്ഥാന സമ്മേളനം ഈ മാസം 28 മുതല്‍ കോഴിക്കോട്ട് നടക്കും. ‘കാലം തേടും കരുത്തുമായി’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമ്മേളനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും. ഏഴ് പ്രധാന സെഷനുകളിലായി 60ലേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യ രണ്ട് ദിവസങ്ങളില്‍ മുതലക്കുളം മൈതാനിയില്‍ സജ്ജമാക്കുന്ന പി എം അബൂബക്കര്‍ നഗറിലാണ് പരിപാടികള്‍. രോഹിത് വെമുല സ്‌ക്വയറില്‍ യുവത, രാഷ്ട്രീയം, പോരാട്ടം എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന യുവജന-വിദ്യാര്‍ഥി സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സിനിമാ താരം ടൊവിനോ തോമസ് ലഹരി വിരുദ്ധ പ്രഖ്യാപനം നടത്തും. ഉച്ചക്ക് ശേഷം ലങ്കേഷ് സ്‌ക്വയറില്‍ നടക്കുന്ന വനിതാ സിമ്പോസിയം വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ പി സതീദേവി ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 10.30ന് എം എ ലത്വീഫ് സാഹിബ് നഗറില്‍(അസ്മാടവറില്‍) പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം ചേരും. 65 പ്രതിനിധികള്‍ പങ്കെടുക്കും. തൊഴിലാളി സമ്മേളനത്തില്‍ വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ‘ആഗോളവത്കരണ കാലത്തെ തൊഴിലാളികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന ദേശീയ സെമിനാര്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, ബിനോയ് വിശ്വം, എം കെ രാഘവന്‍ എം പി തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന പ്രവാസി കുടുംബ സംഗമം മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. കെ പി രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും. 30 ന് വൈകുന്നേരം അഞ്ചിന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന സമാപന സമ്മേളനം ഐ എന്‍ എല്‍ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. ഡി എം കെ സെക്രട്ടറി കനിമൊഴി എം പി മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍, ജോസ് കെ മാണി, ആരിഫ് എം പി, മന്ത്രി എ കെ ശശീന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എം പി, കെ ബി ഗണേഷ് കുമാര്‍, ഡോ. കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി, സെക്രട്ടറി എം എ ലത്തീഫ് എന്നിവരും പങ്കെടുത്തു.


Reporter
the authorReporter

Leave a Reply

error: Content is protected !!