കൊച്ചി: കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അടിയന്തിരമായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍. സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിനുള്ള അഭിമുഖം നാളെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എട്ട് പേരെ ഉടൻ നിയമിക്കണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നല്‍കിയത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകവും പിന്നാലെ ഇവിടെ നിന്ന് അന്തേവാസികൾ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിലുമാണ് ഹൈക്കോടതി ഇടപെടൽ. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ 470 അന്തേവാസികള്‍ക്കായി നാല് സെക്യൂരിറ്റി ജീവനക്കാരാണ് നിലവിലുള്ളത്. ഇങ്ങനെ തുടരാനാകില്ലെന്നും ഇത് സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഉടന്‍ തന്നെ എട്ട് സുരക്ഷ ജീവനക്കാരെ നിയമിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ട് പേരെ കണ്ടെത്തിയിരുന്നു. ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടി പോയ ഏഴാം വാർഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവിനെ ഷൊർണൂരില്‍ വച്ച് പൊലീസ് കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചിരുന്നു. പിന്നാലെ പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടിയും രക്ഷപ്പെട്ടിരുന്നു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികൾ.