ഗുജറാത്ത്: എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന് ഗുജറാത്തിലെ രാജ്കോട്ടിൽ തുടക്കമായി. ഹാജി ഇബ്രാഹിം തുർക്കി ബാപ്പു മഖാം സിയാറത്തിന് ശേഷം മുഫ്തി മുജാഹിദ് അലി ബാവ (മുഫ്തി രാജ്‌കോട്ട്) പതാക ഉയർത്തി. മഗ്‌രിബ് നിസ്കാരന്തരം ആത്മീയ മജ്‌ലിസ് നടന്നു. അക്കാദമിക് ചർച്ചകളും സാഹിത്യ സംവാദങ്ങളും വിവിധ കലാ-മത്സരങ്ങളും നടക്കുന്ന സാഹിത്യോത്സവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. സാഹിത്യ അവാർഡ് ജേതാക്കൾ, വിവിധ യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാർ, റിസർച്ച് സ്കോളേഴ്സ്, വിദ്യാർഥികൾ തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകും. മൂന്ന് കാറ്റഗറികളിലായി നടക്കുന്ന 60പതിൽ പരം മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും.
സംസ്ഥാന സാഹിത്യോത്സവുകൾ പൂർത്തിയാക്കിയാണ് എസ് എസ് എഫ് പ്രഥമ ദേശീയ സാഹിത്യോത്സവ് നടക്കുന്നത്. ഇന്ത്യൻ സാഹിത്യ ചരിത്രത്തിൽ പുതിയൊരു ചുവടുവെപ്പാവുന്ന ദേശീയ സാഹിത്യോത്സവിനെ ഏറെ പ്രതീക്ഷയോടെയാണ് കലാ – സാംസ്കാരിക ലോകം നോക്കിക്കാണുന്നത്. ദേശീയ സാഹിത്യോത്സവിന്റെ ഉദ്ഘാടന സമ്മേളനം നാളെ ഫെബ്രുവരി 24 വ്യാഴാഴ്ച പ്രശസ്ത ഈജിപ്ഷ്യൻ കവിയും അൽ അസ്ഹർ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. ആലാ ജാനിബ് നിർവ്വഹിക്കും. ഡോ. പത്മശ്രീ ശഹാബുദ്ദീൻ റാത്തോഡ് മുഖ്യാതിഥിയായിരിക്കും, കവി മനോഹർ ത്രിവേദി ,എഴുത്തുകാരൻ തുഷാർ എം വ്യാസ്, ഡോ ഫാറൂഖ് നഈമി, നൗഷാദ് ആലം മിസ്ബാഹി, സുഹൈറുദ്ധീൻ നൂറാനി തുടങ്ങിയവർ പങ്കെടുക്കും. സമാപന സംഗമം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. പത്മശ്രീ അക്തറുൽ വാസിഹ് മുഖ്യാതിഥിയായിരിക്കും, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, ഷൗക്കത്ത് നഈമി, ബഷീർ നിസാമി ഗുജറാത്ത് തുടങ്ങിയവർ സംബന്ധിക്കും. ദേശീയ സാഹിത്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സമാപനത്തിൽ പങ്കെടുക്കും.