താമരശ്ശേരി: വീട്ടിൽ കളിക്കുന്നതിനിടെ സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ കുഞ്ഞിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. അടിവാരം കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ രണ്ടര വയസ്സുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീൽ പാത്രം കുടുങ്ങിയത്.
പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ മുക്കം അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഷിയേഴ്സ്, കട്ടർ എന്നിവ ഉപയോഗിച്ച് സൂക്ഷ്മമായി പാത്രം മുറിച്ചുമാറ്റുകയായിരുന്നു. കുഞ്ഞിന് പരിക്കേക്കാതെ രക്ഷപ്പെടുത്താനായത് കുഞ്ഞിനും രക്ഷിതാക്കൾക്കും ആശ്വാസമായി.
സീനിയർ ഫയർ ഓഫിസർ എൻ. രാജേഷ്, അഗ്നിരക്ഷാ സേനാംഗങ്ങളായ പി.ടി. ശ്രീജേഷ്, എം.സി. സജിത്ത് ലാൽ, എ.എസ്. പ്രദീപ്, വി. സലീം, പി. നിയാസ്, വൈ.പി. ഷറഫുദ്ദീൻ എന്നിവർ ചേർന്നാണ് കലം മുറിച്ചുമാറ്റി രക്ഷാപ്രവർത്തനം നടത്തിയത്.